ലണ്ടന്‍: 2019 ലോകകപ്പ് പോരാട്ടത്തില്‍ തോല്‍വിയറിയാതെ മുന്നേറിയ ന്യൂസിലാന്‍ഡിനെ തകര്‍ത്തതോടെ പാക്കിസ്ഥാന്‍ സെമി സാധ്യതയിലേക്ക് കൂടിയാണ് കണ്ണുവയ്ക്കുന്നത്.1992ലെ ലോകകപ്പിലെ ലീഗ് റൗൗണ്ടിന്‍റെ തനിയാവര്‍ത്തനമാണെന്ന് തോന്നിപ്പിക്കുന്നതാണ് പാക്കിസ്ഥാന്‍റെ ഇതുവരെയുള്ള പോരാട്ടം. ഈ ലോകകപ്പിൽ പാകിസ്ഥാന്‍റെ ഓരോ മത്സരവും 92 ലോകകപ്പിനെ ഓർമ്മപ്പെടുത്തുകയാണെന്ന് പറയാം.

1992 ല്‍ വെസ്റ്റ് ഇൻഡീസിനോട് തോറ്റാണ് പാകിസ്ഥാൻ തുടങ്ങിയത്. ഇത്തവണയും അങ്ങനെ തന്നെ. ആദ്യമത്സരത്തില്‍ കരീബിയന്‍ കരുത്തിന് മുന്നില്‍ തോറ്റമ്പി. 92 ലെ രണ്ടാം മത്സരത്തില്‍ സിംബാബ്‍വേയോട് ജയിച്ചു. ഇക്കുറി രണ്ടാം പോരിൽ കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തി.

1992 ലെ മൂന്നാം മത്സരം ഇംഗ്ലണ്ടിനെതിരെയായിരുന്നു. അത് മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇക്കുറിയാകട്ടെ ശ്രീലങ്കയുമായുള്ള മൂന്നാം മത്സരവും മഴമൂലം ഉപേക്ഷിക്കപ്പെട്ടു. 92 ലെ നാലാം പോരാട്ടത്തില്‍ തോറ്റത് ചിരവൈരികളായ ഇന്ത്യയോട്. ഈ ലോകകപ്പിലാകട്ടെ നാലാം പോരാട്ടത്തില്‍ അടി തെറ്റിയത് കങ്കാരുക്കളോടും.

92ല്‍ അഞ്ചാം മത്സരത്തിൽ എതിരാളികളായെത്തിയത് ദക്ഷിണാഫ്രിക്ക. 20 റൺസിന്‍റെ തോല്‍വി ഏറ്റുവാങ്ങിയതോടെ സെമി സാധ്യത മങ്ങി. ഈ ലോകകപ്പിലാകട്ടെ അ‍ഞ്ചാം മത്സരത്തിൽ എതിരാളികൾ ഇന്ത്യ. ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ കോലിപ്പടയ്ക്ക് മുന്നില്‍ പാകിസ്ഥാൻ നാണം കെട്ടു. തോല്‍വി ഏറ്റുവാങ്ങിയതോടെ സെമി സാധ്യതയും മങ്ങി.

92ലെ ആറാം ഊഴത്തിൽ എതിരിട്ടത് കങ്കാരുക്കളെ. പാകിസ്ഥാന് 48 റൺസ് ജയം. ഇത്തവണ എതിർപക്ഷത്ത് ദക്ഷിണാഫ്രിക്ക, പാകിസ്ഥാന് 49 റൺസിന്‍റെ തകർപ്പൻ ജയം. 92ല്‍ ഏഴാം മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചു. ഇക്കുറി ഏഴാം മത്സരത്തില്‍ ടൂര്‍ണമെന്‍റിലെ ഫേഫറിറ്റുകളായ ന്യൂസിലാൻഡിനെ അടിയറവ് പറയിച്ചതോടെ സെമി സാധ്യതകള്‍ തുറന്നെടുത്തിരിക്കുകയാണ് പാക്കിസ്ഥാന്‍.

92 ല്‍ കഷ്ടിച്ച് സെമിയില്‍ കടന്ന ഇമ്രാൻ ഖാനും സംഘവും പിന്നീട് അവിശ്വസനീയ പോരാട്ടത്തിലൂടെ ലോകകിരീടം സ്വന്തമാക്കിയാണ് മടങ്ങിയത്. പക്ഷെ ഇക്കുറി പാക്കിസ്ഥാന് അത്ര എളുപ്പമല്ല കാര്യങ്ങള്‍. സെമിയിലേക്ക് കടക്കണമെങ്കില്‍ അത്ഭുതമല്ല, അത്യത്ഭുതം സംഭവിക്കേണ്ടിയിരിക്കുന്നു. കാരണം ഇക്കുറി ആദ്യ നാല് സ്ഥാനങ്ങള്‍ ഏറെക്കുറെ ഉറപ്പിച്ച ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ സെമി ലക്ഷ്യമിട്ട് കുതിക്കുകയാണ്. അതുകൊണ്ടുതന്നെ ചരിത്രത്തിന്‍റെ തനിയാവര്‍ത്തനം ലീഗ് റൗണ്ടില്‍ അവസാനിക്കാനാണ് സാധ്യത.