Asianet News MalayalamAsianet News Malayalam

ദില്ലിയിലെ പറക്കും തളിക, റൂഫിന് മുകളിൽ ഗാർഡനുമായി ഒരു ഓട്ടോ യാത്ര

യാത്രക്കാരെ വേനൽച്ചൂടിൽ നിന്ന് കാക്കാൻ ഓട്ടോറിക്ഷാ ഡ്രൈവറുടെ കരുതൽ, റൂഫിന് മുകളിൽ ഗാർഡനുമായി ഒരു ഓട്ടോ യാത്ര

Autoriksha drivers effort to save passengers from heat wave
Author
Delhi, First Published May 4, 2022, 9:22 PM IST

റൂഫ് ഗാർഡൻ ഒരു പുതിയ ആശയമല്ല. വിനോദത്തിനായും നിത്യോപയോഗത്തിനുള്ള പച്ചക്കറി കൃഷി ചെയ്യാനും റൂഫ് ഗാർഡൻ ഒരുക്കിയ ഒരുപാടുപേരെ നാം കണ്ടിട്ടുണ്ട്. എന്നാൽ അവരെ പോലെയല്ല ദില്ലി സ്വദേശിയായ മഹേന്ദ്രകുമാർ. ഇദ്ദേഹം റൂഫ് ഗാർഡൻ ഒരുക്കാൻ തെരഞ്ഞെടുത്തത് വീടിന്റെ മട്ടുപ്പാവല്ല. സ്വന്തം ഓട്ടോയുടെ റൂഫ് ആണ്. മഹേന്ദ്രകുമാറിനെ പരിചയപ്പെടാം. 

 

കനത്ത വേനൽച്ചൂടിൽ വെന്തുരുകുകയാണ് ഉത്തരേന്ത്യ. പുറത്തിറങ്ങാകാത്ത അവസ്ഥ. എന്നുകരുതി പുറത്തിറങ്ങാതിരിക്കാൻ ആകുമോ? കാര്യങ്ങൾ നടത്താൻ വേനൽച്ചൂടിനെ വകവയ്ക്കാതെ പുറത്തിറങ്ങണം. അങ്ങനെ പുറത്തിറങ്ങുന്നവ‌ർക്ക് കരുതലേകുകയാണ് ഒരു ദില്ലിയിലെ ഓട്ടോറിക്ഷാ ഡ്രെവ‌ർ. വണ്ടിയിൽ സവാരി നടത്തുന്നവരെ വേനൽച്ചൂടിൽ നിന്ന് കാക്കാൻ ഓട്ടോയുടെ മുകളിൽ ഒരു കുഞ്ഞ് ഗാർഡൻ  ഒരുക്കിയിരിക്കുകയാണ് ദില്ലിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ മഹേന്ദ്രകുമാ‌ർ.

രണ്ട് വ‍‌‌ർഷം മുന്നത്തെ ഒരു കടുത്ത ചൂട് കാലത്താണ് ഓട്ടോയ്ക്ക് മുകളിൽ ഒരു കാടും തോട്ടവും ഒരുക്കാനുള്ള ആലോചന ഇദ്ദേഹത്തിന് ഉണ്ടാകുന്നത്. വാഹനത്തിനും തണുപ്പ് കിട്ടും, യാത്രക്കാർക്ക് ആശ്വാസവുമേകും. പിന്നെ മടിച്ചില്ല. ഓട്ടോയുടെ റൂഫിന് മുകളിൽ പൂച്ചെടികളും കുഞ്ഞ് സസ്യങ്ങളും നട്ടു. ഓട്ടോയുടെ വരവ്, ഈ പറക്കും തളിക (EE PARAKKUM THALIKA) എന്ന സിനിമയിലെ ബസിനെ അനുസ്മരിപ്പിക്കുമെങ്കിലും മഹേന്ദ്രകുമാറിന് സന്തോഷമേ ഉള്ളൂ. സവാരി കഴിഞ്ഞിറങ്ങുന്ന യാത്രക്കാരുടെ മുഖത്ത് പ്രകടമാകുന്ന ആശ്വാസവും അവരുടെ നല്ല വാക്കുകളും മതി അദ്ദേഹത്തിന്. 

 

എസിയിൽ സഞ്ചരിച്ച അനുഭവമാണ് വാഹനയാത്രയിൽ നിന്ന് ലഭിക്കുന്നതെന്നാണ് മഹേന്ദ്രകുമാറിന്റെ സവാരിക്കാരുടെ പക്ഷം. പ്രകൃതിദത്തമായ എസി. യാത്രക്കാരുടെ സാക്ഷ്യപത്രം കേട്ട്  ദില്ലിയിലെ മറ്റ് ചില ഓട്ടോ ഡ്രൈവർമാരും ഇതിന്റെ സാധ്യതകൾ തന്നോട് ആരാഞ്ഞെന്ന് മഹേന്ദ്രകുമാർ പറയുന്നു. മഹേന്ദ്രകുമാറിന്റെ വഴി കൂടുതൽ പേർ വൈകാതെ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കാം. 

 

Follow Us:
Download App:
  • android
  • ios