രാമപ്പ ക്ഷേത്രം സന്ദർശിച്ച മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ സ്ത്രീകൾ കഴുകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പിന്നാക്ക വിഭാഗത്തിലെ സ്ത്രീകളെ അപമാനിച്ചുവെന്ന് ബിആർഎസ്. ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമെന്ന് പരിപാടിയുടെ സംഘാടകർ.

ഹൈദരാബാദ്: തെലങ്കാനയിൽ സ്ത്രീകളെക്കൊണ്ട് മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ കഴുകിച്ചത് വൻ വിവാദമാകുന്നു. തെലങ്കാനയിലെ ചരിത്രപ്രസിദ്ധമായ മുളുഗു രാമപ്പ ക്ഷേത്രം മിസ് വേൾഡ് മത്സരാർത്ഥികൾ സന്ദർശിച്ചിരുന്നു. ഇതിനിടെ സ്ത്രീകൾ ഇവരുടെ കാൽ കഴുകി തുടയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. തെലങ്കാനയിലെ പിന്നാക്ക വിഭാഗത്തിലെ സ്ത്രീകളെ ഇതിന് നിയോഗിച്ചത് സംസ്ഥാനത്തിന് അപമാനമാണെന്ന് ബിആർഎസ് കുറ്റപ്പെടുത്തി. സ്ത്രീകളെ കാൽ കഴുകാൻ നിയോഗിച്ചത് കൊളോണിയൽ മനസ്ഥിതിയുടെ ഭാഗമെന്ന് ബിജെപി വിമര്‍ശിച്ചു. അതേസമയം, ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമെന്നാണ് പരിപാടിയുടെ സംഘാടകർ നല്‍കുന്ന വിശദീകരണം. അതിഥിദേവോ ഭവ എന്ന ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമെന്നാണ് സംഘാടകർ പറയുന്നത്. 

ഈ വർഷത്തെ മിസ് വേൾഡ് സൗന്ദര്യമത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സന്തോഷത്തിലാണ് ഫാഷൻ ലോകം. മെയ് 31 നാണ് മിസ് വേൾഡ് മത്സരത്തിന്‍റെ ഗ്രാൻഡ് ഫിനാലെ ഹൈദരാബാദിൽ നടക്കുന്നത്. തെലങ്കാനയിലെ ഫിനാലെ ഹൈദരാബാദിലാണ് ഫൈനൽ നടക്കുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിനാലെയ്ക്ക് മുന്നോടിയായി രണ്ടാഴ്ചത്തെ പരിശീലന പരിപാടികൾക്കായി നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ ഇതിനോടകം തന്നെ തെലങ്കാനയിൽ എത്തിക്കഴിഞ്ഞു. രാമപ്പ ക്ഷേത്രം സന്ദർശിച്ച മിസ് വേൾഡ് മത്സരാർത്ഥികളുടെ കാലുകൾ ഇന്ത്യൻ സ്ത്രീകളെക്കൊണ്ട് കഴുകിപ്പിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. ഇതിൻ്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ‘കൊളോണിയൽ ഹാംഗ് ഓവർ’ എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശനാത്മകമായി പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം