ഹൈദരാബാദിൽ വിപ്ലവ ഗായകൻ ഗദ്ദറിന്‍റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും സിയാസത് ഉർദു മാസികയുടെ പത്രാധിപരുമായ സഹീറുദ്ദീൻ അലി ഖാൻ അന്തരിച്ചു. 60 വയസായിരുന്നു. ഹൈദരാബാദിൽ വിപ്ലവ ഗായകൻ ഗദ്ദറിന്‍റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹൈദരാബാദിലെ അൽവാളിലുള്ള മഹാബോധി വിദ്യാലയയിൽ സമ്പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു വിഖ്യാത വിപ്ലവ ഗായകനും നക്സലൈറ്റ് നേതാവുമായിരുന്ന ഗദ്ദറിന്‍റെ സംസ്കാരച്ചടങ്ങുകൾ. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ജനസേനാ പാർട്ടി അധ്യക്ഷൻ പവൻ കല്യാണും വിസികെ നേതാവ് തോൽ തിരുമാവലവനും അടക്കം നിരവധി പ്രമുഖർ ഹൈദരാബാദിലെ എൽ ബി സ്റ്റേഡിയത്തിലെത്തി ഗദ്ദറിന് അന്തിമോപചാരമർപ്പിച്ചു. 

വിപ്ലവഗാനങ്ങളുടെ അകമ്പടിയോടെ, പതിനായിരക്കണക്കിനാളുകൾ അണിനിരന്ന വിലാപയാത്രയോടെയാണ് ഗദ്ദറിന്‍റെ മൃതദേഹം മഹാബോധി വിദ്യാലയയിൽ എത്തിച്ചത്. ഇന്നലെ വൈകിട്ട് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെയാണ് 74-കാരനായ ഗദ്ദർ അന്തരിച്ചത്.