ദില്ലി: ടൈംസിന്‍റെ 2019ലെ മഹത്തരമായ നൂറു സഥലങ്ങളില്‍ ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമയും ഉള്‍പ്പെട്ടതിലെ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രേഷ്ഠമായ വാര്‍ത്ത എന്നാണ് മോദിയുടെ ആദ്യ പ്രതികരണം. 182 അടി നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യുണിറ്റി (ഐക്യപ്രതിമ) കാണാന്‍ ഒരു ദിവസം മാത്രം 34000 പേര്‍ എത്തിയെന്നും ട്വിറ്ററില്‍ മോദി കുറിച്ചു. പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രമായി ഐക്യപ്രതിമ മാറുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2018 ഒക്ടോബര്‍ 31 ന് പട്ടേലിന്‍റെ ജന്മദിനത്തിനാണ് പ്രധാനമന്ത്രി, പ്രതിമ ഉദ്ഘാടനം ചെയ്തത്. 597 അടി ഉയരത്തിലാണ് (182 മീറ്റര്‍) പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.  2989 കോടി രൂപ മുടക്കിയാണ് ഗുജറാത്തില്‍ നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപം സാധുബോട് ദ്വീപില്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. സര്‍ദാര്‍ സരോവര്‍ ഡാമില്‍നിന്ന് 3.321 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.  200 ഓളം പേരെ ഒരേ സമയം ഉള്‍ക്കൊള്ളാനാകുന്ന ഗാലറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

പട്ടേല്‍ പ്രതിമ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ശില്‍പി പത്മഭൂഷന്‍ റാം വി സുതര്‍ ആണ്. സര്‍ദാര്‍ സരോവര്‍ നര്‍മ്മദാ നിഗം ലിമിറ്റഡും ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ നിര്‍മ്മാണ കമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2013 ല്‍ ആരംഭിച്ച വെങ്കല പ്രതിമയുടെ നിര്‍മ്മാണത്തിന് ചൈനയില്‍നിന്ന് നൂറുകണക്കിന് വിദഗ്ധ തൊഴിലാളികളെയും അധികൃതര്‍ എത്തിച്ചു.