മുംബൈ: ഐഎന്‍എക്സ് മീഡിയ കേസില്‍ പി ചിദംബരം അറസ്റ്റിലായ സംഭവത്തോട് പ്രതികരിച്ച് ഐഎന്‍എക്സ് മീഡിയയുടെ സഹ സ്ഥാപക ഇന്ദ്രാണി മുഖര്‍ജി. ഷീന ബോറ കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന ഇന്ദ്രാണി, ''നല്ല വാര്‍ത്ത'' എന്നാണ് അറസ്റ്റിനോട് പ്രതികരിച്ചത്. ചിദംബരം അറസ്റ്റ് ചെയ്യപ്പെട്ടുവെന്നത് ശുഭവാര്‍ത്തയാണ് - ഇന്ദ്രാണി മുഖര്‍ജി പറഞ്ഞു. 

ഐഎൻക്സ് മീഡിയ വിദേശഫണ്ട് സ്വീകരിച്ചതിന് വഴി വിട്ട് സഹായം ചെയ്തുകൊടുത്തെന്ന കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്. 2007 ല്‍ ചിദംബരം ധനകാര്യമന്ത്രിയായിരിക്കെയാണ് മകന്‍ കാര്‍ത്തി ചിദംബരം വഴി ഇടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍.  

മകള്‍ ഷീനബോറയെ കൊന്ന കേസില്‍ ഇന്ദ്രാണി മുഖര്‍ജി ജയിലിലായതോടെയാണ് ചിദംബരത്തിന്‍റെയും മകന്‍റെയും പേര് ഇവര്‍ പുറത്തുവിട്ടത്. ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസ് ആരംഭിക്കുന്നത്. 2015ലാണ് ഇന്ദ്രാണി മുഖര്‍ജി അറസ്റ്റിലാകുന്നത്. മുംബൈയിലെ ബികുല്ല ജയിലിലാണ് അവരിപ്പോള്‍. ഇതേകേസില്‍ പീറ്റര്‍ മുഖര്‍ജിയും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. 

ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയായിരുന്നു സിബിഐയുടെ നടപടി. ഗേറ്റ് പൂട്ടിക്കിടക്കുകയായിരുന്നതിനാല്‍ മതില്‍ ചാടിക്കടന്നാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്.

പിന്നാലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ചിദംബരത്തെ അനുകൂലിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എതിര്‍ മുദ്രാവാക്യങ്ങളുമായെത്തിയ ബിജെപി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ അതിനാടകീയമായായിരുന്നു അറസ്റ്റ്.