ദില്ലി: ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ അരുണ്‍  ജെയ്‍റ്റ്‍ലിയുടെ നിര്യാണത്തില്‍ അനുശോചിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദി. അരുണ്‍ ജെയ്‍റ്റ്‍ലിയുടെ നിര്യാണത്തിലൂടെ വിലമതിക്കാനാകാത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. 

ദീര്‍ഘദൃഷ്ടിയും പ്രശ്നങ്ങളെ നേരിടാനും കാര്യങ്ങളെ അപഗ്രഥിക്കാനുമുള്ള കഴിവും അദ്ദേഹത്തെപോലെ വളരെ കുറച്ചുപേര്‍ക്ക് മാത്രമേയുള്ളുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

നരേന്ദ്രമോദിയുടെ വിശ്വസ്തനായി അറിയപ്പെട്ട ജെയ്റ്റലി ഒന്നാം മോദി സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്നു. മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ് പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചു. ജിഎസ്ടിയും നോട്ടുനിരോധനവുമടക്കം ഇന്ത്യന്‍ സാമ്പത്തികരംഗത്തെയാകെ മാറ്റിമറിച്ച തീരുമാനങ്ങള്‍ നടപ്പിലാക്കിയത് ജെയ്‍റ്റ്‍ലിയുടെ കാലത്തായിരുന്നു. എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ അദ്ദേഹത്തിന്‍റെ നിര്യാണം ബിജെപിക്ക് വലിയ നഷ്ടമാണ്.