ബംഗളുരു: കര്‍ണാടകയിലെ ഹുബ്ലി ജില്ലയിലെ സ്കൂളിലെ ചുമരില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് ചോക്കുകൊണ്ട് എഴുതി വച്ചതായി പരാതി. ടിപ്പു സുല്‍ത്താന്‍ സ്കൂള്‍ എന്നും ചോക്കുകൊണ്ട് എഴുതിയിട്ടുണ്ടായിരുന്നു. ബുദര്‍ഷിങ്കി സ്കൂളിലാണ് സംഭവം. 

കുട്ടികളും അധ്യാപകരുമാണ് മുദ്രാവാക്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സ്കൂള്‍ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. 

തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് ചുമരിലെ എഴുത്തകളെക്കുറിച്ച് സ്കൂള്‍ അധികൃതരെ അറിയിച്ചത്. ഇതിന് പിന്നാലെ അധ്യാപകര്‍ ഉടന്‍ സ്കൂളിലെത്തി. തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശനിയാഴ്ച ഉച്ചവരെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. ഞായറാഴ്ച രാത്രിയാകാം ചുമരില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം എഴുതിയതെന്നാണ് കരുതുന്നത്. 

സംഭവത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്കൂള്‍ അധികൃതരോടും നാട്ടുപ്രമാണിമാരോടും സംസാരിച്ചതിന് ശേഷമാണ് ആളുകള്‍ ശാന്തരായത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.