ദില്ലി: ദില്ലിയിലെ കോണ്‍ഗ്രസിന്‍റെ സമാനതകളില്ലാത്ത പരാചയം അങ്ങേയറ്റം നിരാശാജനകമെന്ന്  കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ. പാര്‍ട്ടി സ്വയം അഴിച്ചുപണിയേണ്ട സമയം അതിക്രമിച്ചുവെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാമം രമേശ് പ്രതികരിച്ചത്. നമുക്കിടയില്‍ ചിലര്‍ പെരുമാറുന്നത് ഇപ്പോഴും മന്ത്രിമാരെന്ന നിലയിലാണെന്നും മുന്‍ കേന്ദ്രമന്ത്രികൂടിയായ ജയറാം രമേശ് പറഞ്ഞു. 

''കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം അഴിച്ചുപണിയേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ നമ്മള്‍ അപ്രസക്തമായിപ്പോകും. ഭരണത്തില്‍നിന്ന് പുറത്തായി ആറ് വര്‍ഷമായിട്ടും നമ്മുടെ ധാര്‍ഷ്‌ട്യം തുടരുകയാണ്. നമുക്കിടയിലെ ചിലര്‍ നമ്മള്‍ ഇപ്പോഴും മന്ത്രിമാരാണെന്ന നിലയിലാണ് പെരുമാറുന്നത്. '' ജയറാം രമേശ് പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിന്‍റെ കാമ്പിനും ശൈലിക്കും മാറ്റം വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസിനെ കൊറോണ വൈറസ് ബാധിക്കുന്നതിന് സമാനമായ, ലഘൂകരിക്കാനാവാത്ത ദുരന്തം എന്നാണ് ദില്ലിയിലെ കനത്ത തോല്‍വിയെ ജയറാം രമേശ് വിശേഷിപ്പിച്ചത്.  ദില്ലിയിലെ ഫലപ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ അരവിന്ദ് കെജ്‍രിവാളിനെ അഭിനന്ദിച്ച് ജോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. ദില്ലിയിലെ ജനങ്ങള്‍ അവരുടെ വിശ്വാസം കെജ്‍രിവാളിന്‍റെ ടീമിന് മേല്‍ വീണ്ടും നല്‍കിയിരിക്കുന്നു എന്നായിരുന്നു സിന്ധ്യ പറഞ്ഞത്. 

''ഫലം നിരാശപ്പെടുത്തുന്നതാണ്. കോണ്‍ഗ്രസിന് പുതിയ രീതികള്‍ വേണം. കാര്യങ്ങള്‍ ചെയ്യാന്‍ പുതിയ വഴി വേണം... നമുക്ക് പുതിയ രീതി ശക്തമായി ആവശ്യമുണ്ട്. സമയം മാറിക്കഴിഞ്ഞു, രാജ്യം മാറിക്കഴിഞ്ഞു. നമ്മള്‍ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം, പല സംസ്ഥാനങ്ങളിലും നമ്മള്‍ സര്‍ക്കാര്‍ രൂപീകരിച്ചു'' ജോതിരാദിത്യ സിന്ധ്യ പറഞ്ഞു. 

2013 വരെ മൂന്ന് തവണ തുടര്‍ച്ചയായി ദില്ലി ഭരിച്ച കോണ്‍ഗ്രസ് എന്നാല്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഒരു സീറ്റുപോലും നേടാനാകാതെ നാണെ കെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. പാര്‍ട്ടിയുടെ ദില്ലിയുടെ ചുമതല വഹിക്കുന്ന പി സി ചാക്കോയും ദില്ലിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയും പരാജയത്തെത്തുടര്‍ന്ന് രാജിവച്ചിരുന്നു. 

പരാജയത്തില്‍ മിക്ക നേതാക്കളും ദില്ലിയിലെ മുന്‍ മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ഷീല ദീക്ഷിതിനെയാണ് കുറ്റപ്പെടുത്തിയത്. ഷീല ദീക്ഷിതിന്‍റെ ഭരണത്തിന്‍റെ അവസാനഘട്ടമായ 2013ഓടെയാണ് കോണ്‍ഗ്രസ് ദില്ലിയില്‍ ക്ഷയിച്ച് തുടങ്ങിയതെന്നും പിന്നീട് ഇതുവരെ ഉയര്‍ച്ചയുണ്ടായിട്ടില്ലെന്നും പി സി ചാക്കോ ആരോപിച്ചിരുന്നു. 

ആത്മപരിശോധനയ്ക്ക് പകരം പ്രവര്‍ത്തനമാണ് വേണ്ടതെന്ന് ദില്ലിയിലെ പരാജയത്തിന് പിന്നാലെ നിരവധി നേതാക്കള്‍ പ്രതികരിച്ചിരുന്നു. 66 മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാക്കളില്‍ 63 പേര്‍ക്കും കെട്ടിവച്ച കാശ് നഷ്ടമാകുന്ന തരത്തില്‍ ദില്ലിയല്‍ കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. മണ്ഡലത്തില്‍ നിന്ന് ആറില്‍ ഒരു ഭാഗം വോട്ടുപോലും നേടാന്‍ കോണ്‍ഗ്രസിനായില്ല.