കേന്ദ്രത്തിൽ കോൺഗ്രസിന്റെ മുഖ്യ എതിരാളികളായ ബിജെപി നയിക്കുന്ന എൻഡിഎ സർക്കാരിന്റെ ഭാഗമാണ് ജെഡിയു. നിതീഷ് കുമാറിനെക്കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയപരമായ മറുപടി നൽകാൻ തരൂർ തയ്യാറായില്ല.
പറ്റ്ന : ബിഹാറിൽ എൻഡിഎ സർക്കാരിനെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ. നിതീഷ് കുമാർ സർക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെ പ്രശംസിച്ച് ശശി തരൂർ നടത്തിയ പ്രസ്താവനയാണ് ചർച്ചയാകുന്നത്. 'കഴിഞ്ഞ കുറച്ചു വർഷങ്ങളായി വളരെ നല്ല കാര്യങ്ങൾ ബിഹാറിൽ നടന്നിട്ടുണ്ടെന്നതിൽ സംശയമില്ലെന്നായിരുന്നു പ്രതികരണം. ബിഹാറിൽ മുമ്പ് കേട്ടതിനേക്കാൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു. റോഡുകൾ മികച്ചതാണ്. പഴയതിൽ നിന്ന് വ്യത്യസ്തമായി രാത്രി വൈകിയും ആളുകൾ തെരുവിലിറങ്ങുന്നുണ്ട്. വൈദ്യുതിയും വെള്ളവും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്നാണ് ഇതുവരെ കണ്ടതിൽ നിന്ന് മനസ്സിലാകുന്നത് എന്നും തരൂർ വിശദീകരിക്കുന്നു.
പ്രഥമ നളന്ദ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ ബിഹാറിലെത്തിയപ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം. കേന്ദ്രത്തിൽ കോൺഗ്രസിന്റെ മുഖ്യ എതിരാളികളായ ബിജെപി നയിക്കുന്ന എൻഡിഎ സർക്കാരിന്റെ ഭാഗമാണ് ജെഡിയു. നിതീഷ് കുമാറിനെക്കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയപരമായ മറുപടി നൽകാൻ തരൂർ തയ്യാറായില്ല. രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ബിഹാറിന്റെ ഈ പുരോഗതി കാണുന്നതിൽ ഞാൻ തീർച്ചയായും സന്തോഷവാനാണെന്നും, ബിഹാറിലെ ജനങ്ങളും അവരുടെ ജനപ്രതിനിധികളും ഈ നേട്ടത്തിന്റെ ക്രെഡിറ്റ് അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

