നിരവധി സൈനികരുടെ ജീവനെടുത്ത 'തല', ഒരു കോടി പാരിതോഷികം, ഒടുവിൽ ചലപതിയെ വീഴ്ത്തിയത് ഭാര്യക്കൊപ്പമുള്ള സെൽഫി
വനത്തിനുള്ളിൽ നിന്നും ഭാര്യക്കൊപ്പമെടുത്ത സെൽഫിയാണ് പൊലീസിനെ ചലപതിയുടെ ഒളി സങ്കേതത്തിലേക്കെത്തിച്ചത്.

ദില്ലി: രാജ്യം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ആഭ്യന്തര തീവ്രവാദികളിലെ പ്രധാനി, ചലപതി എന്ന പേരിലറിയപ്പെടുന്ന ജയറാം റെഡ്ഡി എന്ന മുതിർന്ന മാവോവാദി നേതാവ് കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെടുന്നത്. പൊലീസിനെയും കേന്ദ്ര സേനയേയും വെട്ടിച്ച് കഴിഞ്ഞ ചലപതിയെ ഒടുവിൽ കുടുക്കിയത് ഒരു സെൽഫിയാണ്. വനത്തിനുള്ളിൽ നിന്നും ഭാര്യക്കൊപ്പമെടുത്ത സെൽഫിയാണ് പൊലീസിനെ ചലപതിയുടെ ഒളി സങ്കേതത്തിലേക്കെത്തിച്ചത്. ഒടുവിൽ ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ കഴിഞ്ഞ ദിവസം നടന്ന കേന്ദ്ര സംസ്ഥാന പൊലീസ് സേനയുടെ സംയുക്ത ഓപ്പറേഷനിൽ ചലപതി ഉൾപ്പടെ 20 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
നയാഗറിലെ പൊലീസ് ആയുധ ശേഖരം കൊള്ളയടിച്ച് മാവോയിസ്റ്റുകൾക്ക് രക്ഷപെടാൻ സാധിക്കുമെന്ന് ഉറപ്പ് വരുത്തിയ ആളാണ് ചലപതി. കൊള്ളയടിക്കുന്ന സമയത്ത് പൊലീസ് സേനക്ക് നയാഗറിലേക്ക് കടക്കാൻ ആവില്ലെന്നും അവിടേക്കുള്ള വഴികൾ മുഴുവൻ മരക്കഷ്ണങ്ങൾ കൊണ്ട് തടഞ്ഞു വെച്ചിരിക്കുകയാണെന്നും അന്ന് അയാൾ ഉറപ്പ് വരുത്തിയിരുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആൾമാറാട്ടം നടത്തി വർഷങ്ങളോളമാണ് ചലപതി മറഞ്ഞിരുന്നത്. 2008 ൽ ഒഡിഷയിലെ നയാഗർഹ് ജില്ലയിൽ നടന്ന ആക്രമണത്തിന്റെ പിന്നിലെ കരങ്ങൾ ചലപതിയുടേതായിരുന്നു. അന്നത്തെ ആക്രമണത്തിൽ 13 സേനാ ഉദ്യോഗസ്ഥർക്കാണ് ജീവൻ നഷ്ടമായത്. ഛത്തീസ്ഗഢ്ലെ ബാസ്റ്ററിൽ ആയിരുന്നു ചലപതിയുടെ സാനിധ്യം ഏറെയുണ്ടായിരുന്നത്. എന്നാൽ ഈ പ്രദേശത്ത് കൂടുതൽ ഏറ്റുമുട്ടലുകളുണ്ടായപ്പോൾ കുറച്ചുകൂടെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുകയായിരുന്നു.
ആന്ധ്രാ പ്രദേശിലെ ചിറ്റൂർ സ്വദേശിയായ ചലപതി കേന്ദ്ര മാവോയിസ്റ്റ് സംഘത്തിലെ മുതിർന്നയാളാണ്. വർഷങ്ങളോളം മറഞ്ഞിരുന്ന ചലപതിയെന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡി തന്റെ പ്രവർത്തികളിൽ വളരെയധികം ശ്രദ്ധാലുവായിരുന്നു. എങ്ങനെ പോകണം എന്ത് ചെയ്യണമെന്നൊക്കെയുള്ള ദീർഘ വീക്ഷണം അയാളിൽ എപ്പോഴുമുണ്ടായിരുന്നു. കാലങ്ങളായി മറഞ്ഞിരുന്ന ചലപതിയെ ഒടുവിൽ ഭാര്യക്കൊപ്പമുള്ള സെൽഫി ചിത്രത്തിൽ നിന്നുമാണ് കണ്ടുകിട്ടിയത്. അതുവരെ ആർക്കും ഒരു പിടിയും കൊടുക്കാതെയാണ് ചലപതി തന്റെ നീക്കങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. ചലപതിയെ കണ്ടുപിടിക്കുന്നതിന് ഒരു കോടി രൂപയാണ് പാരിതോഷികം വാഗ്ദാനം നൽകിയിരുന്നത്.
ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകളെ വധിച്ചു, എകെ-47 ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു