Asianet News MalayalamAsianet News Malayalam

'പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് സാധ്യതയില്ല,കോൺഗ്രസ് മൂന്നക്കം കടന്നാൽ മുന്നണി ഉണ്ടായേക്കാം'

ഭാരത് ജോഡോ യാത്ര ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കോൺഗ്രസിനെ സഹായിക്കുന്നു.എത്രത്തോളം സംഘടനാപരമായി ഗുണകരമെന്നത്  കാത്തിരുന്നു കാണണം

'There is no chance of a common prime ministerial candidate, there may be a front if the Congress crosses three digits
Author
First Published Jan 10, 2023, 11:39 AM IST

ദില്ലി:2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ  പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടാകാൻ സാധ്യതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി..കോൺഗ്രസ് മൂന്നക്കം കടന്നാൽ 2004, 2009 മാതൃകയിൽ മുന്നണി ഉണ്ടായേക്കാം. ഭാരത് ജോഡോ യാത്ര ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കോൺഗ്രസിനെ സഹായിക്കുന്നു.പ്രതികരണങ്ങൾ എത്രത്തോളം സംഘടനപരമായി ഗുണകരമെന്നത്  കാത്തിരുന്നു കാണണം.പാർലമെന്‍റില്‍ മതേതരകക്ഷികളെ ഒന്നിപ്പിക്കാൻ കഴിയുന്ന ഏക പാർട്ടി സിപിഎമ്മെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞു.

അതിനിടെ  തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ത്രിപുരയിൽ ബിജെപിക്കെതിരായ വോട്ട് വിഭജിക്കപ്പെടാതെ പ്രതിപക്ഷ മുന്നണി രൂപപ്പെടുത്തണമെന്ന അഭിപ്രായം കോണ്‍ഗ്രസിലും സിപിഎമ്മിലും  സജീവമാണ്. എന്നാല്‍ കേരളത്തില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ എങ്ങനെ സഖ്യം രൂപികരിക്കുമെന്നതാണ് ഇരു പാര്‍ട്ടികളുടെയും തലവേദന.ഈ സാഹചര്യത്തിലാണ്  ത്രിപുര സിപിഎം സംസ്ഥാന സമിതി യോഗത്തില്‍   കോണ്‍ഗ്രസ് സഹകരണത്തെ കുറിച്ച് ച‍ർ‍ച്ച ചെയ്യുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രകാശ് കാരാട്ട് എന്നിവർ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കോണ്‍ഗ്രസുമായി സംസ്ഥാന തലത്തില്‍ ധാരണയുണ്ടാക്കുന്നതില്‍ പ്രശ്നമില്ലെന്നും എന്നാല്‍ സഖ്യം വേണ്ടെന്നുമാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബംഗാളില്‍ നീക്കുപോക്കുണ്ടാക്കിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. എന്നാല്‍ ത്രിപുരയിലെ സ്ഥിതി അങ്ങനെയല്ലെന്നാണ് ബിജെപിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് വിട്ട് തിപ്ര മോത പാര്‍ട്ടി രൂപികരിച്ച  പ്രത്യുദ് ദേബ്‍ബർമനുമായി കോണ്‍ഗ്രസ് നേതൃത്വം ച‍ർച്ച നടത്തുന്നുണ്ട്. പ്രിയങ്കഗാന്ധിയുമായി നല്ല ബന്ധം പുലർത്തുന്ന പ്രത്യുദിന്‍റെ പാര്‍ട്ടിക്ക് ഇരുപതോളം ഗോത്രവിഭാഗങ്ങള്‍ക്ക് മേധാവിത്വമുള്ള സീറ്റുകളില്‍ മേല്‍ക്കൈ ഉണ്ട്.

പ്രത്യുദിനെ ഒപ്പം നിര്‍ത്തി ത്രിപുരയില്‍ സിപിഎം കോണ്‍ഗ്രസ് സഹകരണത്തിനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. സംസ്ഥാന സമിതിയില്‍ പങ്കെടുക്കാന്‍ ത്രിപുരയിലേക്ക് പോകുന്നതിന് മുന്‍പ് യെച്ചൂരി കോണ്‍ഗ്രസ് നേതൃത്വവുമായി സീറ്റ് വിഭജനത്തെ കുറിച്ച്  ചർച്ച നടത്തിയതായാണ് സൂചന. ത്രിപുരയുടെ ചുമതലുയുള്ള എഐസിസി അംഗം അജോയ് കുമാറുമായാണ് യെച്ചൂരി ചർച്ച നടത്തിയെന്നാണ് വിവരം

Follow Us:
Download App:
  • android
  • ios