Asianet News MalayalamAsianet News Malayalam

വായു ശക്തി പ്രാപിക്കുന്നു: മറ്റന്നാൾ ഗുജറാത്ത് തീരം തൊടും; കനത്ത ജാഗ്രത നിർദേശം

ലക്ഷദ്വപിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ അർദ്ധരാത്രിയോടെയാണ് വായു ചുഴലിക്കാറ്റായി മാറിയത്. ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലും കനത്തകാറ്റും കടൽക്ഷോഭവും തുടരുകയാണ്.

'vayu' cyclone will reach in gujarath on thursday
Author
Gandhinagar, First Published Jun 11, 2019, 3:35 PM IST

ഗാന്ധിനഗർ / തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. വ്യാഴാഴ്ച പുലർച്ചെ വായു ഗുജറാത്ത് തീരം തൊടും. ഗുജറാത്ത് സംസ്ഥാനത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചുട്ടുണ്ട്. ഗുജറാത്ത് സർക്കാ‌ർ കര നാവിക സേനകളുടെയും തീര സംരക്ഷണ സേനയുടെയും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. 

അറബിക്കടലിൽ ലക്ഷദ്വപിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ അർദ്ധരാത്രിയോടെയാണ് വായു ചുഴലിക്കാറ്റായി മാറിയത്. നിലവിൽ മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെയാണ് കാറ്റിന്‍റെ വേഗം. ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലും കനത്തകാറ്റും കടൽക്ഷോഭവും തുടരുകയാണ്.

അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ്  ഗുജറാത്ത്‌ തീരത്തുകൂടി കരയിൽ പ്രവേശിക്കും. ജൂൺ 13ന് പുലർച്ചെ ചുഴലിക്കാറ്റ് 110-120 കിലോമീറ്റർ വേഗതയിൽ ഗുജറാത്ത് പോർബന്തറിനും മഹുവക്കും ഇടയിൽ വീരവൽ ഡിയു  ഭാഗത്ത് തീരം തൊട്ടേക്കുമെന്നാണ് പ്രവചനം. മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റ പ്രവചനം.

പോർബന്ദർ, മഹുവ, വെരാവൽ തീരങ്ങളിൽ മത്സ്യ ബന്ധന തൊഴിലാളികളെ കടലിൽ പോകുന്നതിൽ നിന്നും വിലക്കി. ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ച മേഖലയിലെ  സ്ക്കൂളുകൾക്കും കോളേജുകൾക്കും വ്യാഴാഴ്ച്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.

ദേശീയ ദുരന്ത നിവാരണ സേനയെ സൗരാഷ്ട, കച്ച് മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. പനാജി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കും. അടിയന്തര സാഹചര്യം നേരിടാൻ ആശുപത്രികൾ സജ്ജീകരിക്കാൻ ജില്ലാ ഭരണകൂടങ്ങളോട് ഗുജറാത്ത് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ രാത്രിയിലെ കനത്ത മഴ ശമിച്ചതോടെ മുംബൈ വിമാനത്താവളത്തിൽ നിന്നും വിമാന സർവ്വീസുകൾ പുനരാംരംഭിച്ചിട്ടുണ്ട്. ഗുജറാത്തിൽ നിന്നും വായു ചുഴലിക്കാറ്റ് വടക്കോട്ടാണ് നീങ്ങുക.

"

കടലാക്രമണത്തെ തുടർന്ന് കേരളത്തിൽ പലയിടത്തും ദുരിതാശ്വാസക്യാംപുകളും കൺട്രോൾ റൂമുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനിടയുളളതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios