ഞാന്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല, തുടക്കമിടുകയും ചെയ്തിട്ടുണ്ട്. അത് ഉദ്ഘാടനം ചെയ്യുക ഞാന്‍ തന്നെയായിരിക്കുമെന്നും ഫഡ്നാവിസ് മുന്നറിയിപ്പ് നല്‍കി. 

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന സൂചനയുമായി പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. കുറച്ച് സമയം കാത്തിരിക്കൂ, ബിജെപി തിരിച്ചുവരുമെന്ന അദ്ദേഹത്തിന്‍റെ പരാമര്‍ശമാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. ജനങ്ങള്‍ ബിജെപിയെയാണ് തെരഞ്ഞെടുത്തത്. ഞങ്ങളാണ് കൂടുതല്‍ സീറ്റ് നേടിയ പാര്‍ട്ടി. 70 ശതമാനമാണ് ഞങ്ങളുടെ സ്ട്രൈക്ക് റേറ്റ്. പക്ഷേ രാഷ്ട്രീയ അരിതമെറ്റിക്കല്‍, മെറിറ്റിനുമപ്പുറമായി. 40 ശതമാനം മാര്‍ക്ക് ലഭിച്ചവരാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും ഫഡ്നാവിസ് പറഞ്ഞു.

നിലവിലെ സാഹചര്യം ജനാധിപത്യത്തിന്‍റെ ഭാഗമായി അംഗീകരിക്കുന്നു. ഞാന്‍ നിങ്ങളോട് പറയുകയാണ്, ഞങ്ങള്‍ ഉറപ്പായും തിരിച്ചുവരും. അതിനുള്ള സമയം ഞാന്‍ പറയുന്നില്ല. പക്ഷേ ഞങ്ങള്‍ തിരിച്ചുവരുമെന്നും ഫഡ്നാവിസ് വാര്‍ത്താ ഏജന്‍സിസായ പിടിഐയോട് പറഞ്ഞു. ഞാന്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല, തുടക്കമിടുകയും ചെയ്തിട്ടുണ്ട്. അത് ഉദ്ഘാടനം ചെയ്യുക ഞാന്‍ തന്നെയായിരിക്കുമെന്നും ഫഡ്നാവിസ് മുന്നറിയിപ്പ് നല്‍കി.

288 അംഗ നിയമസഭയില്‍ 105 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ല. മുന്‍ സഖ്യകക്ഷിയായ ശിവസേന, എന്‍സിപിയുമായും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതോടെ ബിജെപി പ്രതിപക്ഷത്തായി. എന്‍സിപിയുടെ അജിത് പവാറിനെ അടര്‍ത്തി ഫഡ്നാവിസ് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ദിവസങ്ങളുടെ ആയുസ് മാത്രമാണുണ്ടായത്.