സങ്‍ലി, (മഹാരാഷ്ട്ര): ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ സുരക്ഷ ഉറപ്പാക്കുകയാണ് മോദി ചെയ്തതെന്ന് അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ സങ്‍ലി ജില്ലയിലെ ജാട്ടില്‍ നടന്ന  നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. 

നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ദേശീയ സുരക്ഷ കൂടുതല്‍ ശക്തമായെന്നും രക്തസാക്ഷിത്വം വരിച്ച ഓരോ ഇന്ത്യന്‍ സൈനികന്‍റെയും ജീവന് പകരമായി 10 ശത്രുക്കളെ ഇല്ലാതാക്കുവാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് ലോകത്തിന് മുഴുവന്‍ അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലാക്കോട്ട് ആക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു  അമിത് ഷായുടെ പരാമര്‍ശം. 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനെയും എന്‍സിപിയെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ രാഹുല്‍ ഗാന്ധിയും ശരദ് പവാറും അനുകൂലിക്കുന്നുണ്ടോ എന്ന കാര്യം അവര്‍ വ്യക്തമാക്കണെമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യം എന്ത് നേട്ടമാണുണ്ടാക്കിയതെന്നും അമിത് ഷാ ചോദിച്ചു.