മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ സർക്കാർ ആശുപത്രിയിൽ 10 പിഞ്ചുകുഞ്ഞുങ്ങൾ വെന്തുമരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ച ഐസിയുവിൽ പുലർച്ച തീപ്പിടിത്തമുണ്ടാവുകയായിരുന്നു. 

പുലർച്ചെ 2 മണിയോടെയാണ് വൻ ദുരന്തം സംഭവിച്ചത്. 1 മുതൽ 3 മാസംവരെ മാത്രം പ്രായമുള്ള 17 കു‍ഞ്ഞുങ്ങൾ തീപടരുമ്പോൾ ഐസിയുവിൽ ഉണ്ടായിരുന്നു. 10 പേർ മരിച്ചപ്പോൾ ബാക്കിയുള്ള 7 കുഞ്ഞുങ്ങളെയും രക്ഷിക്കാനായി. ചിലർക്ക് പൊള്ളലേറ്റിറ്റുണ്ട്. ഫയർ ഫോഴ്സിന്റെ സഹായത്തോടെയാണ് തീയണയ്ക്കാൻ ആയത്. തൊട്ടടുത്ത് തന്നെയാണ് പ്രസവ വാർഡും ഡയാലിസിസ് വാർഡും. പുക നിറഞ്ഞതോടെ ഇവിടെ നിന്നും രോഗികളെ മറ്റൊരു വാർഡിലേക്ക് ഉടൻ മാറ്റി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഐസിയുവിൽ ഓക്സിജൻ വിതരണവും നിർത്താതെ ഉണ്ടായിരുന്നു. 

സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രിയുമായും ജില്ലാ കളക്ടറുമായും സംസാരിച്ച ശേഷം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കൾക്ക് 5 ലക്ഷം വീതം ധനസഹായവും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കം നിരവധി പേർ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. നേരത്തെയും ചികിത്സാ പിഴവ് നടന്ന ആശുപത്രിയാണിതെന്ന് സ്ഥലവാസികൾ ആരോപിക്കുന്നു.