കോയമ്പത്തൂരിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഈ കൊടുംക്രൂരത വലിയ പ്രതിഷേധങ്ങൾക്കും തമിഴ്‌നാട്ടിൽ ടിവികെ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ വാക്പോരിനും കാരണമായി. മുഖ്യമന്ത്രി ജോസഫ് വിജയ് കർശന നടപടി ഉറപ്പ് നൽകി.

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ സുലൂർ മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ കാണാതായ പത്തുവയസ്സുകാരിയെ കണ്ണമ്പാളയം തടാകത്തിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കാർത്തിക്, മോഹൻ രാജ് എന്നിവരടങ്ങുന്ന രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി വീടിനടുത്ത് പലചരക്ക് സാധനങ്ങൾ വാങ്ങാൻ പുറത്തുപോയപ്പോഴാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊടുംക്രൂരതയ്‌ക്കെതിരെ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂർ പോലീസ് സ്റ്റേഷന് മുന്നിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് വ്യക്തമാക്കി. കോയമ്പത്തൂരിൽ പത്തുവയസ്സുകാരിക്ക് നേരെയുണ്ടായ ക്രൂരമായ സംഭവം കടുത്ത ദുഃഖവും ഞെട്ടലും ഉണ്ടാക്കുന്നു. ഇത്തരം അമാനുഷികവും ക്ഷമിക്കാനാവാത്തതുമായ ക്രിമിനൽ കുറ്റങ്ങൾ നമ്മുടെ സമൂഹത്തിൽ ഒരിക്കലും വെച്ചുപൊറുപ്പിക്കാനാകില്ല," എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പ് ലഭിക്കുന്നതുവരെ മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പെൺകുട്ടിയുടെ കുടുംബം കടുത്ത നിലപാട് എടുത്തതിന് പിന്നാലെയാണ് വിജയ്‌യുടെ പ്രതികരണം പുറത്തുവന്നത്. പുതിയ സർക്കാർ വന്നിട്ടും മാറ്റമൊന്നും ഉണ്ടാകുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. തമിഴ്‌നാട് ഡിജിപി സന്ദീപ് റായ് റാത്തോഡ് അന്വേഷണ പുരോഗതി വിലയിരുത്താൻ കോയമ്പത്തൂരിലേക്ക് തിരിച്ചു. തമിഴ്‌നാട് മന്ത്രി എം.എസ് സമ്പത്ത്, സുലൂർ മണ്ഡലം ടിവികെ എംഎൽഎ എൻ.എം സുകുമാർ എന്നിവർ ഇഎസ്ഐ ആശുപത്രിയിലെത്തി കുടുംബത്തെ കണ്ട് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചു.

അതേസമയം, പുതിയ ടിവികെ സർക്കാരിന്റെ ക്രമസമാധാന നിലയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷമായ ഡിഎംകെ രംഗത്തെത്തി. പുതിയ സർക്കാർ അധികാരമേറ്റ് 12 ദിവസത്തിനുള്ളിൽ ലൈംഗിക അതിക്രമങ്ങൾ, കഞ്ചാവ് കടത്ത്, ഗുണ്ടായിസം ഉൾപ്പെടെ മുപ്പതിലധികം വലിയ കുറ്റകൃത്യങ്ങൾ നടന്നതായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. എന്നാൽ, മുൻപ് ഭരിച്ചിരുന്ന എം.കെ സ്റ്റാലിൻ സർക്കാരാണ് തമിഴ്‌നാട്ടിലെ ക്രമസമാധാനം പൂർണ്ണമായി തകർത്തതെന്ന് ബിജെപി നേതാവ് നാരായണൻ തിരുപ്പതി തിരിച്ചടിച്ചു.