ഏകദേശം നാലരയോടെയാണ് കുറച്ച് വിദ്യാര്‍ത്ഥികള്‍ അക്രമാസക്തരായി ഹോസ്റ്റലുകള്‍ക്കുനേരെ എത്തിയത്. ഉടന്‍ തന്നെ സര്‍വകലാശാല സുരക്ഷാ ഉദ്യോഗസ്ഥരെ അയച്ചു. അഞ്ച് മണിയോടെ തന്നെ പൊലീസിനെ വിവരമറിയിച്ചു.

ദില്ലി: ജെഎന്‍യു ക്യാമ്പസില്‍ ഞായറാഴ്ചയുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി വൈസ് ചാന്‍സലര്‍ ജഗദീഷ് എം കുമാര്‍. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് വിസി അഭിപ്രായ പ്രകടനം നടത്തിയത്. ഞായറാഴ്ച വൈകുന്നേരത്തോടെ 100-120ഓളം വരുന്ന വിദ്യാര്‍ത്ഥി സംഘമാണ് ആക്രമണത്തിന് തുടക്കമിട്ടതെന്ന് വിസി പറഞ്ഞു. സംഭവം നിയന്ത്രിക്കുന്നതില്‍ വിസിയും സര്‍വകലാശാല അധികൃതരും പൂര്‍ണമായി പരാജയപ്പെട്ടെന്ന ആരോപണത്തെയും അദ്ദേഹം തള്ളിപ്പറഞ്ഞു.

ഏകദേശം നാലരയോടെയാണ് കുറച്ച് വിദ്യാര്‍ത്ഥികള്‍ അക്രമാസക്തരായി ഹോസ്റ്റലുകള്‍ക്കുനേരെ എത്തിയത്. ഉടന്‍ തന്നെ സര്‍വകലാശാല സുരക്ഷാ ഉദ്യോഗസ്ഥരെ അയച്ചു. അഞ്ച് മണിയോടെ തന്നെ പൊലീസിനെ വിവരമറിയിച്ചു. ശാരീരികമായ ആക്രമണത്തിലേക്കെത്തിയപ്പോഴാണ് പൊലീസ് എത്തിയത്. ഇടതുസംഘടനയിലെ വിദ്യാര്‍ത്ഥികളാണോ, എബിവിപിയിലെ വിദ്യാര്‍ത്ഥികളാണോ ആക്രമണത്തിന് പിന്നിലെന്ന ചോദ്യത്തിന് തനിക്ക് എല്ലാ വിദ്യാര്‍ത്ഥികളും ഒരുപോലെയാണെന്നായിരുന്നു മറുപടി. ആരാണ് സംഭവങ്ങള്‍ക്ക് പിന്നിലെ ഉത്തരവാദികളെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഡാറ്റാ സെന്‍ററിന് നേരെയുള്ള ആക്രമണം ആസൂത്രിതമായിരുന്നു. മൂന്നിനും അഞ്ചിനും നടന്ന ആക്രമ സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റാ സെന്‍റര്‍ ആക്രമിച്ചതിന് പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷെ ഘോഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം, മുഖംമൂടി ധരിച്ച് ഹോസ്റ്റലുകളില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ചവര്‍ക്കെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. 

ഞായറാഴ്ച ക്യാമ്പസില്‍ മുഖംമൂടി ധരിച്ചെത്തിയ കുറച്ച് പേര്‍ ആക്രമണമഴിച്ചുവിട്ടിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷെ ഘോഷുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ എബിവിപിയാണെന്ന് ആരോപിച്ച് എസ്എഫ്ഐ രംഗത്തെത്തി. എസ്എഫ്ഐക്കെതിരെ ആരോപണവുമായി എബിവിപിയും രംഗത്തെത്തി. അതേസമയം, ആക്രമണങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് ഹിന്ദു രക്ഷാ ദള്‍ എന്ന സംഘ്പരിവാര്‍ സംഘടനയും രംഗത്ത് വന്നു. ക്യാമ്പസില്‍ നടന്ന ആക്രമ സംഭവങ്ങളില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബോളിവുഡ് താരം ദീപികാ പാദുകോണ്‍ എത്തിയത് വലിയ വാര്‍ത്താപ്രാധാന്യം നേടി.