വിജയവാഡയില്‍ സ്വകാര്യ ആശുപത്രി നടത്തിയിരുന്ന നിരീക്ഷണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേ‍ർ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ കൊവിഡ് കെയർ സെന്‍ററിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം11 ആയി. വിജയവാഡയില്‍ സ്വകാര്യ ആശുപത്രി നടത്തിയിരുന്ന നിരീക്ഷണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേ‍ർ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊവിഡ് കെയർസെന്ററാക്കി മാറ്റിയ ​ഗോൾഡൻ പാലസ് ഹോട്ടലിൽ ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. രമേഷ് എന്ന സ്വകാര്യ ആശുപത്രിയുടെ മേല്‍നാട്ടത്തിലാണ് ചികിത്സാ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. നേരിയ കൊവിഡ് ലക്ഷണങ്ങളുള്ള മുപ്പത് പേരാണ് ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. പത്ത് ജീവനക്കാരും കെട്ടിടത്തിലുണ്ടായിരുന്നു. 7 പേർ ഗുരുതരമായി പൊള്ളലേറ്റും പുക നിറഞ്ഞ മുറിയില്‍ കുടുങ്ങി ശ്വാസം കിട്ടാതെയുമാണ് മരിച്ചത്. ബാക്കിയുള്ളവർ ആശുപത്രിയില്‍ മരിച്ചു.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രധാനമന്ത്രി അതീവ ദുഖം രേഖപ്പെടുത്തി. സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. അപകടകാരണം കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അതേസമയം കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതില്‍ സർക്കാർ പരാജയപ്പെട്ടതിന്‍റെ തെളിവാണ് അപകടമെന്ന് പ്രതിപക്ഷം വിമർശിച്ചു.

Read Also: രാജ്യത്തെ കാർഷികാവശ്യങ്ങൾ നേരിടാൻ ഒരു ലക്ഷം കോടിയുടെ കേന്ദ്ര പദ്ധതി; പ്രധാനമന്ത്രി...