കോർട്ടിൽ കളിച്ചുകൊണ്ടിരിക്കെ പുറത്തേക്ക് തെറിച്ചുപോയ ബോൾ എടുക്കാൻ പോയ 11 വയസുകാരനാണ് അവിടെയുണ്ടായിരുന്ന ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേറ്റ് ദാരുണമായി മരണപ്പെട്ടത്. 

ചെന്നൈ: ബാസ്‍കറ്റ് ബോൾ കളിച്ചുകൊണ്ടിരിക്കെ ഇലക്ട്രിക് വയറിൽ ചവിട്ടിയ 11 വയസുകാരന് ദാരുണാന്ത്യം. ചെന്നൈ നന്ദനത്തിലെ വൈഎംസിഎയിൽ ആയിരുന്നു അപകടം. മൈലാപ്പൂർ ഡിസിൽവ സ്ട്രീറ്റ് സ്വദേശിയായ റിയാൻ ആദവ് ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ബാസ്കറ്റ് ബോൾ കോര്‍ട്ടിന് തൊട്ടടുത്ത് നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. റിയാൻ കഴിഞ്ഞ ഏതാനും മാസമായി വൈഎംസിഎയിൽ ബാസ്കറ്റ് ബോൾ പരിശീലനം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. കോര്‍ട്ടിന് പുറത്തേക്ക് ബോൾ എടുക്കാൻ പോയ കുട്ടിക്ക്, അവിടെ കിടന്നിരുന്ന ഇൻസുലേഷനില്ലാത്ത വയറിൽ നിന്ന് ഷോക്കേൽക്കുകായിരുന്നു എന്നാണ് വിവരം. വൈദ്യുതാഘാതമേറ്റ കുട്ടിയെ രക്ഷിക്കാൻ കോച്ചും പരിസരത്തുണ്ടായിരുന്ന മറ്റ് കുട്ടികളും ഓടിയെത്തി. റിയാനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

റിയാന്റെ അച്ഛൻ ദയാൽ സുന്ദരവും അമ്മ ഗീത പ്രിയയും ചെന്നൈ തൗസന്റ് ലൈറ്റ്സിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സീനിയർ ഡോക്ടര്‍മാരാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വൈദ്യുതാഘാതം ഏൽക്കാൻ ഇടയാക്കിയ ഇലക്ട്രിക വയർ വൈഎംസിഎ മാനേജ്മെന്റ് തന്നെ സ്ഥാപിച്ചതാണോ, അതോ വാരാന്ത്യങ്ങളിൽ പരിപാടികള്‍ നടക്കുന്ന സ്ഥലമായതിനാൽ അത്തരം പരിപാടികളുടെ കരാറുകാര്‍ സ്ഥാപിച്ചതാണോ എന്ന് അറിയാൻ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ആരുടെയെങ്കിലും ഭാഗത്തു നിന്ന് വീഴ്ച വന്നതായി കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

വൈഎംസിഎ ഗ്രൗണ്ട് വാരാന്ത്യങ്ങളിൽ സ്വകാര്യ ചടങ്ങുകള്‍ക്കായി വാടകയ്ക്ക് നൽകാറുണ്ട്. ഈ ശനിയും ഞായറും സിനിമാ സംഗീത പരിപാടി ഉള്‍പ്പെടെ നാല് വ്യത്യസ്ത ചടങ്ങുകള്‍ ഇവിടെ നടന്നിരുന്നതായി പൊലീസ് പറഞ്ഞു. റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ആദവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബി‌ൽ കാണാം...