പൗരി(ഉത്തരാഖണ്ഡ്): നാല് വയസ്സുകാരനായ സഹോദരനോടൊപ്പം വീടിന്‍റെ മുറ്റത്ത് കളിക്കുകയായിരുന്നു 11 കാരിയായ സഹോദരി. പെട്ടെന്നാണ് മുന്നില്‍ പുള്ളിപ്പുലി ചാടി വീണത്. എന്തു ചെയ്യണമെന്നറിയാതെ പേടിച്ചുവിറച്ച് കുട്ടികള്‍ രണ്ടും നിന്നു. പുലി ആക്രമിക്കുമെന്ന് ഉറപ്പായപ്പോള്‍ സഹോദരന് നിലത്ത് കിടത്തി സഹോദരി മുകളില്‍ കിടന്നു. പുലി ആക്രമിക്കുകയാണെങ്കില്‍ തന്നെയാകട്ടെ എന്നു കരുതിയാണ് പെണ്‍കുട്ടിയുടെ സാഹസികത. പുലി പെണ്‍കുട്ടിയെ ആക്രമിച്ചപ്പോഴും സഹോദരനെ കൈവിട്ടില്ല. ഭീകരമായ സംഭവം കണ്ടെത്തിയ ഇവരുടെ ബന്ധു എത്തി നിലവിളിച്ചതോടെ നാട്ടുകാരും ഓടിയെത്തി പുലിയെ ഓടിച്ചു. 

ഉത്തരാഖണ്ഡിലെ പൗരിയിലാണ് സംഭവം. വനഭാഗത്തോട് ചേര്‍ന്ന് കിടക്കുന്ന ദേവ്കുണ്ടൈ ഗ്രാമത്തിലാണ് പുലിയിറങ്ങി കുട്ടികളെ ആക്രമിച്ചത്. ഒക്ടോബര്‍ നാലിനായിരുന്നു പുലിയുടെ ആക്രമണം. സഹോദരനെ രക്ഷിച്ച പെണ്‍കുട്ടിയുടെ പേര് രാഖിയെന്നാണെന്ന് അധികൃതര്‍ പറഞ്ഞു. പുലിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കഴുത്തിന് ഗുരുതരമായ പരിക്കേറ്റു. ആദ്യം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമാണെന്നറിഞ്ഞതോടെ ദില്ലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കും അവിടെനിന്ന് റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കും കുട്ടിയെ മാറ്റി. ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ചികിത്സത്തായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഒരുലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടു. പെണ്‍കുട്ടിയുടെ ധീരതക്കുള്ള അവാര്‍ഡിന് ശുപാര്‍ശ ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.