ഡെലിവറി തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി 10 മിനിറ്റ് ഡെലിവറി വാഗ്ദാനം ഒഴിവാക്കാൻ കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
ദില്ലി: ഇ-കൊമേഴ്‌സ് പ്രതിനിധികളുമായി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ കൂടിക്കാഴ്ച നടത്തി. 10 മിനിറ്റിൽ ഡെലിവറി എന്ന വാഗ്ദാനം ഒഴിവാക്കാൻ ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ തുടങ്ങിയ ഇ-കൊമേഴ്‌സ് സ്ഥാപന പ്രതിനിധികളോട് തൊഴില്‍ മന്ത്രി ആവശ്യപ്പെട്ടു. ഡെലിവറി തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം.
10 മിനിറ്റ് ഡെലിവറി എന്ന വാഗ്ദാനം ഒഴിവാക്കുമെന്ന് ബ്ലിങ്കിറ്റ് പ്രതിനിധി യോഗത്തിൽ വ്യക്തമാക്കി. സെപ്റ്റോ, സ്വിഗി, സൊമാറ്റോ കമ്പനികളും സമയ വാഗ്ദാനം ഒഴിവാക്കും- "10 മിനിറ്റിനുള്ളിൽ പതിനായിരത്തിലധികം ഉൽപ്പന്നങ്ങൾ ഡെലിവർ ചെയ്യുന്നു" എന്നതിൽ നിന്ന് "30000ത്തിലധികം ഉൽപ്പന്നങ്ങൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കുന്നു" എന്നതിലേക്ക് ബ്ലിങ്കിറ്റ് അതിന്‍റെ ടാഗ്‌ലൈൻ പരിഷ്കരിക്കാൻ തീരുമാനിച്ചു.
മെച്ചപ്പെട്ട വേതനവും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഡിസംബർ 25ന് യൂണിയനുകൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പണിമുടക്കുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകി. സുരക്ഷ അപകടത്തിലാക്കുന്ന സമയാധിഷ്ഠിത ഡെലിവറി അവസാനിപ്പിക്കണമെന്ന ആവശ്യവും ഉയർന്നു. പ്രതിഷേധത്തെ തുടർന്ന് സ്വിഗ്ഗിയും സൊമാറ്റോയും ഡെലിവറിക്കുള്ള ഇൻസെന്‍റീവ് വർദ്ധിപ്പിച്ചു.
