ലക്നൗ: യുപിയില്‍ കൊവിഡ് 19 വൈറസ് ബാധ സംശയം മൂലം നിരീക്ഷണത്തിലാക്കിയിരുന്ന 12 തബ്‍ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ താത്കാലിക ജയിലിലേക്ക് മാറ്റി. നിരീക്ഷണ പൂര്‍ത്തിയാക്കിയ ഒമ്പത് തായ്‍ലന്‍ഡ് സ്വദേശികളെയും രണ്ട് തമിഴ്നാട്ടുകാരെയുമാണ് ഷാജഹാന്‍പുരില്‍ താത്കാലിക ജയിലിലേക്ക് മാറ്റിയത്.

ഏപ്രില്‍ 12നാണ് ഇവരെ ഒരു പള്ളിയില്‍ നിന്ന് കണ്ടെത്തി ക്വാറന്‍റൈനില്‍ ആക്കിയത്. തുടര്‍ന്ന് അവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ ഒരു തായ്‍ലന്‍ഡ് സ്വദേശിക്ക് പോസിറ്റീവ് ഫലം വന്നതോടെ ഇയാളെ ബറേലിയിലേക്ക് മാറ്റി. പിന്നീട് കൊവിഡില്‍ നിന്ന് മോചിതനായ ശേഷമാണ് തിരികെ കൊണ്ട് വന്നത്.

28 ദിവസത്തെ നിരീക്ഷണകാലം കഴിഞ്ഞതോടെയാണ് ഇവരെ താത്കാലിക ജയിലിലേക്ക് മാറ്റിയതെന്ന് പൊലീസ് പറഞ്ഞു. വിദേശികളുടെ പാസ്പോര്‍ട്ട് അടക്കം പിടിച്ചു വച്ചിട്ടുണ്ട്. അതേസമയം, ചെന്നൈ കോർപ്പറേഷനിലെ 19 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശുചീകരണ തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്കാണ് കൊവിഡ്.

കൂടുതൽ പേർക്കും രോ​ഗലക്ഷണങ്ങളുണ്ടായിരുന്നില്ല. തമിഴ്‌നാട്ടില്‍ കൊറോണ രോഗ ബാധിതരുടെ എണ്ണത്തില്‍ ഒറ്റ ദിവസം കൊണ്ട് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 180 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ ആകെ എണ്ണം 2342 ആയി.