പട്ന: ഉത്തരേന്ത്യയിൽ തുടരുന്ന മഴക്കെടുതിയിൽ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ മരിച്ചത് 127 പേർ. ബിഹാറിൽ മാത്രം 29 പേരാണ് മരിച്ചത്. ശക്തമായ മഴയെ തുടർന്ന് പാട്നയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം വ്യാഴാഴ്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിലെയും ബിഹാറിലെയും പ്രളയ ബാധിത ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്.  പട്നയിലെ പല പ്രദേശങ്ങളിലും വെള്ളം നെഞ്ചളവ് വരെ ഉയർന്നിട്ടുണ്ട്. ആളുകളെ പുറത്തെത്തിക്കുന്നതിന് വേണ്ടി ബോട്ടുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന പരാതിയും ഉയരുന്നു.

ബിഹാറിൽ മാത്രം 300ഓളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കിഴക്കൻ ഉത്തർപ്രദേശിലും ശക്തമായ മഴ തുടരുകയാണ്. വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് 5000ത്തോളം പേരെ രക്ഷപ്പെടുത്തി. പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്. 

ആശുപത്രികളിൽ വെള്ളം കയറിയതിനാൽ ​രോ​ഗികളും ദുരുതത്തിലായിരിക്കുകയാണ്. വെള്ളപ്പൊക്കം ആരോഗ്യപരമായ ആശങ്കകൾക്കും കാരണമായിട്ടുണ്ട്. നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും  രോഗികളെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഉത്തർപ്രദേശിൽ പ്രയാഗാരാജ്, ലക്നൗ, അമേഠി എന്നിവിടങ്ങൾ പ്രളയക്കെടുതി രൂക്ഷമാണ്.  മഴതുടരുമെന്നാണ് കലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു. 

Read More: ബിഹാറിൽ പ്രളയത്തിൽ മുങ്ങി ആശുപത്രികൾ; ദുരിതത്തിൽ ​രോ​ഗികൾ, മരണം 73 ആയി

പട്നയിലെ രാജേന്ദ്ര ന​ഗറിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ പ്രതിനിധി എ സമ്പത്ത് ബീഹാർ സർക്കാരുമായി ഇന്നലെ ആശയവിനിമയം നടത്തിയിരുന്നു. പ്രളയക്കെടുതി നേരിടുന്ന ബിഹാറിലെ ജനങ്ങൾക്ക് ആവശ്യമെങ്കിൽ സഹായമെത്തിക്കാൻ സന്നദ്ധമാണെന്ന് കേരളം ബിഹാർ സർക്കാരിനെ അറിയിച്ചിരുന്നു.

Read Also: പ്രളയം: ബിഹാറിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ സന്നദ്ധമെന്ന് കേരളം