കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. 

ദില്ലി: ഹിമാചല്‍ പ്രദേശില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. സോളനിലെ ഭക്ഷണശാല പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ഇന്നലെ വൈകിട്ടോടെ കനത്തമഴയില്‍ തകര്‍ന്ന് വീണത്. സിംലയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം. കെട്ടിട ഉടമയുടെ ഭാര്യയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

5 സൈനികരുമടക്കം 17 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെ റസ്റ്ററന്‍റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു സെനികരും കുടുംബവും. രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ വ്യക്തമാക്കി.