ഉത്തർപ്രദേശ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്ന പിതാവിനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സർദ്ദാക്ക് ത്രിപാതി എന്ന പതിമൂന്നുകാരൻ 37 കത്തുകളാണ് മോദിക്ക് അയച്ചത്.  

കാൺപൂർ: പിതാവിന് ജോലി തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എട്ടാം ക്ലാസ്സുകാരന്റെ കത്ത്. ഉത്തർപ്രദേശ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്ന പിതാവിനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സർദ്ദാക്ക് ത്രിപാതി എന്ന പതിമൂന്നുകാരൻ 37 കത്തുകളാണ് മോദിക്ക് അയച്ചത്.

ജോലിയില്ലാതെ കഷ്ടപ്പെടുന്ന കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ച് ത്രിപാതി കത്തിൽ കുറിച്ചു. പിതാവിനെ ജോലിയിൽനിന്ന് വിരമിക്കുന്നതിന് നിർബന്ധിതനാക്കിയതാണ്. സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫീസിലെ ചിലർ‌ ചേർന്നാണ് തന്റെ പിതാവിനെകൊണ്ട് നിർബന്ധിച്ച് ജോലി ഒഴിവാക്കിപ്പിച്ചത്. തന്റെ പിതാവിനെതിരെ അനീതി പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ത്രിപാതി കത്തിൽ സൂചിപ്പിച്ചു.

മോദി ഉണ്ടെങ്കിൽ എല്ലാം സാധ്യമാണെന്ന മുദ്രാവാക്യമാണ് ഇത്തരമൊരു കത്തെഴുതാൻ തനിക്ക് പ്രചോദനമായത്. ഒരിക്കലെങ്കിലും തന്റെ വാക്കുകൾ കേൾ‌ക്കുക എന്നതാണ് മോദിയോട് താൻ ആവശ്യപ്പെട്ടതെന്നും ത്രിപാതി പറഞ്ഞു. 2016-മുതൽ ത്രിപാതി മോദിക്ക് കത്തുകളയക്കുന്നുണ്ട്. 36-ാമത്തെ കത്ത് അയച്ചപ്പോഴൊന്നും മറുപടി ലഭിച്ചിരുന്നില്ല.