ദില്ലി: രാജ്യത്ത് കൊവിഡ് വൈറസ് രോഗം ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറുകൾക്കുളളിൽ മരിച്ചവരുടെ എണ്ണം134 ആയി ഉയർന്നു. ഇതോടെ ആകെ മരണസംഖ്യ 2549 ആയി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 78,003 ലേക്ക് എത്തി. 24 മണിക്കൂറിൽ 3722 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിൽ എല്ലാ പ്രതിരോധവും തകർത്ത്  കൊവിഡ് കേസുകൾ ഭീകരമാം വിധം ഉയരുകയാണ്. ആകെ രോഗികളുടെ എണ്ണം കാൽ ലക്ഷം കടന്നു. 975 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 1495 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. ഗുജറാത്തിൽ രോഗികളുടെ എണ്ണം ഒൻപതായിരം കടന്നു. 566  പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. രണ്ടു ലക്ഷത്തിലേറെ പേർ നിരീക്ഷണത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 364 പേർക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾക്കുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ആന്ധ്രാപ്രദേശിൽ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. നാല്പത്തിയാറുപേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ആയിരത്തിലേറെ പേർക്ക് രോഗം ഭേദമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 48 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

അതിനിടെ കൊവിഡിന്റെ സമൂഹ വ്യാപനം ഉണ്ടോ എന്നറിയാൻ  ഐസിഎം ആർ നടത്തുന്ന സർവേയിൽ രാജ്യമാകെ എഴുപത്  ജില്ലകളിലാണ് പരിശോധന  നടത്തുന്നത്. കേരളത്തിൽ നിന്ന് മൂന്ന് ജില്ലകൾ ഉൾപ്പെട്ടിട്ടുണ്ട്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അതിനിടെ കൊവിഡ് ലോക്ഡൌണിനെത്തുടർന്ന് നിർത്തിവെച്ച ആഭ്യന്തര സർവീസുകൾ  എയർ ഇന്ത്യ ഈ മാസം പത്തൊൻപതിനു തുടങ്ങുമെന്ന് അറിയിച്ചു. കൊച്ചിയിലേക്ക് അടക്കം സർവീസ് ഉണ്ടാകും. വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി കൂടി ഇതിന് കിട്ടാനുണ്ട്. ഓൺലൈനായി ടിക്കറ്റ് എടുക്കാനും സൗകര്യവും ഉണ്ടാകും.