മുംബൈ: മുംബൈയിലെ ഡോംഗ്രിയിൽ നാലുനിലക്കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം പതിനാലായി. ഗുരുതരാവസ്ഥയിലുള്ള എട്ടുപേർ ജെ ജെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി മുംബൈ പൊലീസും ദുരന്ത നിവാരണ സേനയും തെരച്ചിൽ തുടരുകയാണ്.

സൗത്ത് മുംബൈയിലെ ഡോംഗ്രിയിയിൽ പതിനഞ്ചോളം കുടുംബങ്ങൾ താമസിച്ചിരുന്ന നാലുനില കെട്ടിടമാണ് ചൊവ്വാഴ്ച തകർന്ന് വീണത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. തകർന്ന കെട്ടിടം അനധികൃതമായി നിർമ്മിച്ചതാണെന്ന് മഹാരാഷ്ട്ര  ഹൌസിംഗ് ബോർഡ് അധികൃതർ സ്ഥിരീകരിച്ചു. 

ഒഴിഞ്ഞുപോകാൻ ബിഎംസി അധികൃതർ നോട്ടീസ് നൽകിയിരുന്നുവെങ്കിലും താമസക്കാർ ഇത് അനുസരിക്കാതിരുന്നതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. നൂറ് വർഷം പഴക്കമുള്ള കെട്ടിടത്തിൻ്റെ കാലപ്പഴക്കമാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നും കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവ് നൽകിയിരുന്നുവെന്നും മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.