ദില്ലി: രാജ്യത്ത് രണ്ടിടത്തായി നടന്ന വാഹനാപകടങ്ങളില്‍ 14 അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പോയ തൊഴിലാളികളുടെ ട്രക്ക് മധ്യപ്രദേശിൽ അപകടത്തിൽപ്പെട്ടാണ് എട്ടു പേർ മരിച്ചത്. അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു. യുപിയിലെ മുസാഫർനഗറിൽ ബസ് ഇടിച്ച് ആറ് അതിഥി തൊഴിലാളികകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇതോടെ അടുത്തിടെയായി വിവിധ അപകടങ്ങളിൽ മരിച്ച അതിഥി തൊഴിലാളികളുടെ എണ്ണം 78 ആയി ഉയർന്നു. മധ്യപ്രദേശില്‍ ബസ് കണ്ടെയ്നറുമായി കൂട്ടിയിടിക്കുകയായിരുന്നു. അതേസമയം, ബുധനാഴ്ച അര്‍ധരാത്രി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബസ് ഇടിച്ചാണ് യുപിയില്‍ ആറ് തൊഴിലാളികള്‍ മരിച്ചത്.

മുസാഫര്‍നഗര്‍-സഹരാന്‍പുര്‍ സംസ്ഥാനപാതയിലായിരുന്നു സംഭവം. പഞ്ചാബില്‍ നിന്ന് കാല്‍നടയായി ബിഹാറിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്. മൂന്ന് പേര്‍ക്ക്  പരിക്കേറ്റിട്ടുണ്ട്.

ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം ഹരേക് സിംഗ് (51), മകന്‍ വികാസ് (22), ഗുഡ്ഡു (18), വാസുദേവ് (22), ഹരീഷ് (28), വിരേന്ദ്ര (28) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. എന്‍എച്ച് ഒമ്പതിലാണ് അപകടം നടന്നത്. ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.