Asianet News MalayalamAsianet News Malayalam

അച്ഛനെ ആശുപത്രിയിലെത്തിക്കാൻ 50 കിലോമീറ്റർ റിക്ഷ ചവിട്ടി 14കാരി; അടുത്തയാഴ്ച വരാൻ നിർദേശിച്ച് ഡോക്ടർമാര്‍

ഗ്രാമത്തിലുണ്ടായ ഒരു അക്രമ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ അച്ഛനെയും കൊണ്ട് ആദ്യം 14 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലാണ് പെണ്‍കുട്ടി എത്തിച്ചത്. എന്നാല്‍ ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

14 year old girl pedals trolley rikshaw for 35 km to provide treatment for injured father doctors returned afe
Author
First Published Oct 27, 2023, 2:17 PM IST

ഭുവനേശ്വര്‍: പരിക്കേറ്റ അച്ഛനെ ആശുപത്രിയിലെത്തിക്കാന്‍ 50 കിലോമീറ്റര്‍ ട്രോളി റിക്ഷ ചവിട്ടി 14 വയസുകാരി. ഒഡിഷയിലെ ഭദ്രകിലുള്ള ജില്ലാ ആശുപത്രിയില്‍ അച്ഛനെ എത്തിക്കാനായിരുന്നു പെണ്‍കുട്ടിയുടെ കഠിന പരിശ്രമം. ഒക്ടോബര്‍ 23ന് ആയിരുന്നു സംഭവമെങ്കിലും വ്യാഴാഴ്ച ഈ പെണ്‍കുട്ടി അച്ഛനെയും ട്രോളി റിക്ഷയിലിരുത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഭദ്രക് നഗരത്തില്‍ വെച്ച് ചില നാട്ടുകാരുടെയും പ്രദേശിക മാധ്യമ പ്രവര്‍ത്തകരുടെയും ശ്രദ്ധയില്‍പെടുകയായിരുന്നു.

ന‍ഡിഗാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന സുജാത സേഥിയെന്ന 14 വയസുകാരി ആദ്യം അച്ഛനെ ട്രോളി റിക്ഷയില്‍ കയറ്റി തന്റെ ഗ്രാമത്തില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയുള്ള ധാംനഗര്‍ ആശുപത്രിയിലാണ് എത്തിച്ചത്. പ്രദേശത്ത് നടന്ന ഒരു അക്രമ സംഭവത്തില്‍ സുജാതയുടെ പിതാവ് ശംഭുനാഥിന് ഗുരുതര പരിക്കേറ്റിരുന്നു. ചികിത്സ ലഭ്യമാക്കാന്‍ മറ്റ് വഴികളൊന്നും ഇല്ലാതെ വന്നതോടെയാണ് അച്ഛനെയും കൊണ്ട് ആദ്യം ധാംനഗര്‍ ആശുപത്രിയില്‍ എത്തിയത്.

എന്നാല്‍ ശംഭുനാഥിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ ഭദ്രക് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. ഇതോടെ 35 കിലോമീറ്റര്‍ ട്രോളി റിക്ഷയില്‍ സഞ്ചരിച്ച് ഒക്ടോബര്‍ 23ന് ജില്ലാ ആശുപത്രിയില്‍ എത്തി. അവിടെ ഡോക്ടര്‍മാര്‍ അച്ഛനെ പരിശോധിച്ച ശേഷം ഇപ്പോള്‍ വീട്ടിലേക്ക് മടങ്ങിപ്പോകാനും ഒരാഴ്ചയ്ക്ക് ശേഷം ശസ്ത്രക്രിയക്കായി മടങ്ങിവരാനും നിര്‍ദേശിക്കുകയായിരുന്നു എന്നാണ് സുജാത പറയുന്നത്.

Read also:നെടുംകണ്ടത്ത് പില്ലർകുഴിയിൽ തലകീഴായി മൃതദേഹം; അമ്പരന്ന് നാട്ടുകാർ, പൊലീസ് അന്വേഷണം തുടങ്ങി

വണ്ടി വിളിക്കാന്‍ പൈസയോ ആംബുലന്‍സ് വിളിക്കാന്‍ മൊബൈല്‍ ഫോണോ ഇല്ലാതിരുന്നതിനാല്‍ അച്ഛനെ ആശുപത്രിയില്‍ എത്തിക്കാന്‍ ട്രോളി റിക്ഷ എടുത്തുകൊണ്ട് ഇറങ്ങുകയായിരുന്നു എന്നാണ് സുജാത പറഞ്ഞത്. വിവരമറിഞ്ഞ് ഭദ്രക് എംഎല്‍എ സ‌ഞ്ജിബ് മല്ലികും ധാംനഗറിലെ മുന്‍ എംഎല്‍എ രാജേന്ദ്ര ദാസും പെണ്‍കുട്ടിയുടെ അടുത്തെത്തുകയും വേണ്ട സഹായങ്ങള്‍ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. 

23-ാം തീയ്യതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക് ഒരാഴ്ചയ്ക്ക് ശേഷം ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു എന്നാണ് ഭദ്രക് ചീഫ് ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസര്‍ ശാന്തനു പത്ര പറഞ്ഞത്. രോഗികളെ തിരികെ വീട്ടിലേക്ക് അയക്കാന്‍ ആംബുലന്‍സ് നല്‍കാന്‍ സംവിധാനം ഇല്ലാത്തതിനാല്‍ അദ്ദേഹം ചികിത്സ കഴിയുന്നത് വരെ ആശുപത്രിയില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios