പട്‌ന: ഒരു കുടുംബത്തിലെ 15 പേര്‍ക്ക് കൊവിഡ് 19 ബാധിച്ചത് ബിഹാറില്‍ ആശങ്കക്കിടയാക്കുന്നു. സിവാന്‍ ജില്ലയിലെ രഘുനാത്പുരിലെ പഞ്ചവാര്‍ ഗ്രാമത്തിലാണ് സംഭവം. കുടുംബം നിരീക്ഷണത്തിലായിരുന്നു. പരിശോധന ഫലമെത്തിയപ്പോള്‍ 15 പേര്‍ക്ക് കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. ബിഹാറിലെ കൊവിഡ് ഹോട്ട്‌സ്‌പോട്ടാണ് സിവാന്‍ ജില്ല. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 29ല്‍ നിന്ന് അറുപതിലെത്തി. 

കുടുംബത്തില്‍ കൊവിഡ് ബാധിച്ചവവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. ഒമാനില്‍ നിന്നെത്തിയയാള്‍ക്കാണ് ആദ്യം രോഗബാധയുണ്ടായത്. കുടുംബത്തിലെ പുരുഷന്മാര്‍ മറ്റുള്ളവരുമായി ഇടപെട്ടിരുന്നെന്നും സുഹൃത്തുക്കളുമായി ക്രിക്കറ്റ് കളിച്ചിരുന്നെന്നും അധികൃതര്‍ പറഞ്ഞു. ചിലരെ കണ്ടെത്തി ക്വാറന്റൈനിലാക്കി. ചിലരുടെ ഫലം നെഗറ്റീവായത് ആശ്വാസമായി. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇവര്‍ സമ്പന്ന കുടുംബമാണെന്നും ഗള്‍ഫുമായി ബന്ധമുള്ളവരാണെന്നും അധികൃതര്‍ പറഞ്ഞു. 11 മുതല്‍ 60 വയസ്സുവരെയുള്ളവര്‍ രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. 

സിവാനിലേക്ക് ഒരു കമ്പനി ബിഹാര്‍ മിലിട്ടറി പൊലീസിനെ അയച്ചതായി ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. സിവാന്‍ ജില്ലയിലെ രോഗബാധിത പ്രദേശം ലോക്ക്ഡൗണ്‍ ചെയ്യാനും മൂന്ന് കിലോമീറ്റര്‍ പരിധി റെഡ്‌സോണായി പ്രഖ്യാപിക്കാനുമാണ് പൊലീസിനെ അയച്ചത്. സിവാന്‍ ജില്ലയില്‍ നിന്ന് മാത്രം 589 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്.