മധ്യപ്രദേശിലെ ധാർ ജില്ലയിൽ ഇൻഡോർ-അഹമ്മദാബാദ് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ 15 പേർ മരിച്ചു. തൊഴിലാളികളുമായി പോയ പിക്അപ്പ് ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്‌യുവിയിൽ ഇടിക്കുകയായിരുന്നു.
ഭോപ്പാൽ : മധ്യപ്രദേശിലെ ധാർ ജില്ലയിൽ വാഹനാപകടത്തിൽ 15 പേർ മരിച്ചു. ഇൻഡോർ-അഹമ്മദാബാദ് ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ പിക്അപ്പ് ട്രക്ക് മറിഞ്ഞ് എസ്‌യുവിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഏകദേശം 35 തൊഴിലാളികളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാത്രി 8.30-ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട പിക്അപ്പ് മൂന്നോ നാലോ തവണ മറിഞ്ഞ ശേഷം റോഡിന്റെ എതിർവശത്തേക്ക് തെന്നിമാറി എസ്‌യുവിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ 12 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിൽ 10 പേരെ വിദഗ്ധ ചികിത്സയ്ക്കായി ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകളുടെ തീവ്രത കണക്കിലെടുത്ത് മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ധാർ ജില്ലാ ആശുപത്രിയിലെ ഡോക്ടർ ഛത്രപാൽ സിംഗ് അറിയിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് വലിയ പരിഭ്രാന്തിയാണുണ്ടായത്. തകർന്നടിഞ്ഞ വാഹനത്തിനുള്ളിൽ നിന്നും പരിക്കേറ്റവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.


