Asianet News MalayalamAsianet News Malayalam

പൂണെയിൽ കനത്ത മഴയിൽ മതിൽ തകർന്ന് 15 മരണം

ഇന്ന് പുലർച്ചെ 1.45ന് ഉണ്ടായ കനത്ത മഴയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ തകർന്ന് അപകടമുണ്ടായത്. 
 

15 killed in wall collapse following rains in Pune
Author
Pune, First Published Jun 29, 2019, 10:48 AM IST

പൂണെ: കനത്ത മഴയെ തുടർന്ന് ബഹുനില കെട്ടിടത്തിന്റെ മതിൽ തകർന്ന് വീണ് 15 പേർ മരിച്ചു. പൂണെയിലെ കൊന്തുവയിലാണ് സംഭവം. മരിച്ചവരിൽ നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഇന്ന് പുലർച്ചെ 1.45ന് ഉണ്ടായ കനത്ത മഴയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ തകർന്ന് അപകടമുണ്ടായത്. 

ബിഹാർ, ബം​ഗാൾ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് മരിച്ചവരിൽ കൂടുതലും. അപകടത്തിൽ കൂടുതൽ പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. പൂണെ മേയറുടെ നേതൃത്വത്തിൽ പൊലീസും ദുരന്ത നിവാരണ സേനയും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ച് പൂർണമായും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും മേയർ അറിയിച്ചു. മതിൽ തകർന്ന് വീഴാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും കെട്ടിടത്തിന്റെ ഉടമയ്ക്കെതിരെ നടപടി എടുക്കുമെന്നും പൂണെ പൊലീസ് കമ്മീഷ്ണർ കെ വെങ്കിടേഷം പറഞ്ഞു. കെട്ടിടം പണിയുന്നതിനുള്ള മാനദ്ണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നും സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നോ എന്നും പരിശോധിച്ച് വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെട്ടിട നിർമ്മാണ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് പൂണെ ജില്ലാ കലക്ടർ നാവൽ കിഷോർ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലും പരിസരപ്രദേശങ്ങളിലും രണ്ട് ദിവസമായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ പൂണെ, മുംബൈ, താനെ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Follow Us:
Download App:
  • android
  • ios