ദില്ലി/ മുംബൈ: മഹാരാഷ്ട്രയ്ക്ക് അടുത്തുള്ള ഔറംഗാബാദിൽ ട്രാക്കിൽ കിടന്നുറങ്ങിയിരുന്ന കുട്ടികൾ അടക്കമുള്ള അതിഥിത്തൊഴിലാളി കുടുംബങ്ങൾക്ക് മേൽ ട്രെയിൻ പാഞ്ഞ് കയറി മരിച്ചവരുടെ എണ്ണം 16 ആയി. മധ്യപ്രദേശിലേക്ക് റെയിൽവേ ട്രാക്ക് വഴി നടന്ന് പോകുന്നതിനിടെ ട്രാക്കിൽ വിശ്രമിക്കാൻ കിടന്നുറങ്ങിയവർക്ക് മേലാണ് ചരക്ക് തീവണ്ടി പാഞ്ഞ് കയറിയത്. 45 കിലോമീറ്റർ നടന്ന ശേഷമാണ് ഔറംഗാബാദിനും ജൽനയ്ക്കും ഇടയിലുള്ള കർമാദ് എന്നയിടത്ത് ഇവർ ഉറങ്ങാൻ കിടന്നത്. അതിഥിത്തൊഴിലാളികൾ കിടക്കുന്നത് കണ്ട് ട്രെയിൻ ഡ്രൈവർ ബ്രേക്ക് ചവിട്ടിയെങ്കിലും ഫലമുണ്ടായിരുന്നില്ല. എത്ര പേരാണ് ഈ സംഘത്തിലുണ്ടായിരുന്നതെന്നോ, എത്ര കുട്ടികളുണ്ടായിരുന്നുവെന്നോ വ്യക്തമായ ഒരു വിവരവും ഇപ്പോഴും റെയിൽവേ അടക്കമുള്ള അധികൃതർക്ക് അറിയില്ല.

അതിഥിത്തൊഴിലാളികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത വേദന രേഖപ്പെടുത്തി. മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, എല്ലാ സഹായവും റെയിൽ മന്ത്രാലയത്തിന് ഉറപ്പ് നൽകിയെന്നും, വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാത്ത വേദനയെന്നും പ്രതികരിച്ചു. 

മുംബൈയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് തൊഴിലില്ലാതായതോടെ കൈയിൽ പണമില്ലാതെ, ടിക്കറ്റ് വാങ്ങാനുള്ള മാർഗവുമില്ലാതെ നാട്ടിലേക്ക് റെയിൽവേ ട്രാക്ക് വഴി നടന്ന അതിഥിത്തൊഴിലാളികളാകാം ഇവരെന്നാണ് നിഗമനം. പുലർച്ചെ അഞ്ചേകാലോടെയാണ് അപകടം നടന്നതെങ്കിലും ഇവിടേക്ക് രക്ഷാപ്രവർത്തനത്തിന് അധികൃതർ എത്താൻ പോലും ഏറെ സമയമെടുത്തു. ഗുരുതരമായി പരിക്കേറ്റ ഒരാൾ തൊട്ടടുത്തുള്ള സിവിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇദ്ദേഹത്തിന് സംസാരിക്കാനായാൽ മാത്രമേ ഇവർ എവിടെ നിന്ന് വരികയായിരുന്നുവെന്നും, എങ്ങോട്ട് പോവുകയായിരുന്നുവെന്നും വ്യക്തമാകൂ. 

ജൽനയിലെ ഒരു പ്രാദേശിക ഇരുമ്പ് ഫാക്ടറിയിൽ ജോലി ചെയ്യുന്നവരായിരുന്നു ഇവരെന്ന വിവരവും പുറത്തുവരുന്നുണ്ട്. ജൽനയിൽ നിന്ന് മധ്യപ്രദേശിലെ ഭുവസാൽ എന്നയിടത്തേക്ക്, ഏതാണ്ട് 170 കിലോമീറ്റ‍ർ നടക്കാനായിരുന്നു ഈ സംഘം തീരുമാനിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് ഔറംഗബാദ് എസ്പി മോക്ഷദ പാട്ടീൽ പറയുന്നു. അവിടെ നിന്ന് നാട്ടിലേക്ക് തീവണ്ടി കിട്ടുമെന്ന് ആരോ പറഞ്ഞതനുസരിച്ചാണ് ഇവർ യാത്ര പുറപ്പെട്ടത്. എന്നാൽ അവിടെ നിന്ന് എവിടേക്ക് പോവുകയായിരുന്നു ഇവർ എന്നതിൽ വ്യക്തതയില്ല.  

സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു. ''രാവിലെ തൊഴിലാളികൾ ട്രാക്കിൽ കിടക്കുന്നത് കണ്ട്, ചരക്ക് തീവണ്ടിയുടെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവം നടന്നത് ബദ്നാപൂർ - കർമാദ് സ്റ്റേഷനുകൾക്കിടയിലാണ്. ഇത് പർഭാനി - മൻമാദ് സെക്ഷനിൽ പെടുന്നതാണ്'', റെയിൽവേ മന്ത്രാലയം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.