ദില്ലി: രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും അനുഭാവികളുമായ 155 പേർ ഇതുവരെ പിടിയിലായെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ അന്വേഷണ ഏജൻസികളും സംസ്ഥാന പൊലീസ് സേനകളും അറസ്റ്റ് ചെയ്ത ആളുകളുടെ ആകെ കണക്കാണിത്.

ദി ഇസ്ലാമിക് സ്റ്റേറ്റ്, ദി ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്റ്, ദി ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ, ദയീശ് എന്നീ സംഘടനകളെയാണ് യുഎപിഎ നിയമം 1967 ന്റെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനായി അന്വേഷണ ഏജൻസികൾ സമൂഹ മാധ്യമങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തീരദേശം ഉള്ള സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും തീരപ്രദേശങ്ങളിൽ പട്രോളിംഗ് കർശനമാക്കാൻ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. തുടർച്ചയായി ഈ പ്രദേശങ്ങൾ നിരീക്ഷിക്കണമെന്നും ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അറിയിച്ചതായി മന്ത്രി പറഞ്ഞു.