കേരളമടക്കം 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായെന്നും, കേരളത്തിൽ 2.70 കോടി വോട്ടർമാരുണ്ടെന്നും കമ്മീഷൻ അറിയിച്ചു. സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി
ദില്ലി: കേരളമടക്കം 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ധ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷമാണ് തിയതി പ്രഖ്യാപിച്ചതെന്ന് കമ്മീഷൻ വ്യക്തമാക്കി. കേരളത്തിൽ 2.70 കോടി വോട്ടർമാരാണുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ വ്യക്തമാക്കി. 4.24 ലക്ഷം പുതിയ വോട്ടർമാരാണ്. കേരളത്തിൽ 100 വയസിന് മുകളിൽ 1571 വോട്ടർമാരാണുള്ളത്. 30471 പോളിംഗ് സ്റ്റേഷനുകളാണ് കേരളത്തിലുണ്ടാകുക. വലിയ ജനാധിപത്യ ഉത്സവാണ് തെരഞ്ഞെടുപ്പെന്നും അതിൽ എല്ലാവരും പങ്കാളിയാകണമെന്നും ധ്യാനേഷ് കുമാർ ആവശ്യപ്പെട്ടു. സുതാര്യവും, സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുമെന്നും കമ്മീഷൻ വിവരിച്ചു. എസ് ഐ ആറിനെതിരായ പ്രചരണത്തിനും കമ്മീഷൻ മറുപടി നൽകി. ഒരാൾ പോലും അനർഹമായി വോട്ട് ചെയ്യരുത് എന്നതാണ് കമ്മീഷൻ്റെ നിലപാടെന്നും അതിനാണ് എസ് ഐ ആർ നടപ്പാക്കിയതെന്നും ഗ്യാനേഷ് വ്യക്തമാക്കി.
സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി
കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 4 നായിരിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് എസ് ഐ ആറിനുശേഷം മാർച്ച് 13 വരെയുള്ള കണക്ക് പ്രകാരം 2.70 കോടി വോട്ടര്‍മാരായുള്ളത്. ഇനിയും വോട്ടര്‍പട്ടികയിൽ പേരുചേര്‍ക്കാൻ സമയം അവസരമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇനി വാശിയേറിയ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
പോരാട്ടം പൊടിപാറും
കേരളത്തിൽ മൂന്നാം തുടർ ഭരണം എൽ ഡി എഫ് ലക്ഷ്യമിടുമ്പോൾ അധികാര വഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്. തമിഴ്നാട്ടിലാകട്ടെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഡി എം കെ സർക്കാരും തുടർ ഭരണമാണ് ലക്ഷ്യമിടുന്നത്. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ എ ഐ എ ഡി എം കെ ഭരണത്തിൽ തിരിച്ചെത്താമെന്ന സ്വപ്നം കാണുമ്പോൾ നടൻ വിജയ് നയിക്കുന്ന ടി വി കെയുടേത് അത്ഭുത വിജയമെന്ന സ്വപ്നമാണ്. 34 വർഷത്തെ സി പി എം ഭരണത്തിന് അറുതിവരുത്തി 2011 ൽ അധികാരത്തിലേറിയ മമതയുടെ തൃണമൂൽ ബംഗാളിൽ തുടർച്ചയായ നാലാം ഭരണകാലത്തിനായുള്ള പോരാട്ടത്തിലാണ്. ശക്തമായ വെല്ലുവിളിയുയർത്തുന്ന ബി ജെ പി, ബംഗാൾ ജനതയും ഡബിൾ എഞ്ചിൻ സർക്കാരിനെ തെരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ്. അധികാര വഴിയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ സി പി എമ്മും കോൺഗ്രസും പങ്കുവയ്ക്കുന്നുണ്ട്. അസമിൽ ബി ജെ പി അധികാര തുടർച്ച ലക്ഷ്യമിടുമ്പോൾ കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ്. പുതുച്ചേരിയിലും സമാനമാണ് അവസ്ഥ.


