ദില്ലി: രാജ്യത്ത് 10 വയസ്സിനും 75 വയസ്സിനും ഇടയില്‍ 16 കോടി മദ്യപാനികളുണ്ടെന്ന് കണക്കുകള്‍. സാമൂഹ്യനീതി വകുപ്പും  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും(എയിംസ്) ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് മദ്യപരുടെ കണക്കുകള്‍ വ്യക്തമായത്.

കേന്ദ്ര ഭരണപ്രദേശങ്ങള്‍ ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും സര്‍വ്വേ നടത്തിയിരുന്നു. ഛണ്ഡീഗഢ്, ത്രിപുര, പഞ്ചാബ്, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ മദ്യപരുള്ളത്. മദ്യം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് കഞ്ചാവാണ്. മൂന്നുകോടിയിലേറെപ്പേരാണ് കഞ്ചാവ് ഉപയോഗിക്കുന്നത്. രണ്ടുകോടിയോളം പേര്‍ വേദനസംഹാരികളായി മയക്കുമരുന്ന് ഉപയോഗിക്കുന്നു. 

കറപ്പില്‍ നിന്നുത്പാദിപ്പിക്കുന്ന മയക്കുമരുന്നിനാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. മൂന്നുകോടി ആളുകള്‍ മദ്യാസക്തി മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രി രത്തന്‍ലാല്‍ കഠാരിയ പറഞ്ഞു. ലോക്സഭയില്‍ ടി എന്‍ പ്രതാപന്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴായിരുന്നു അദ്ദേഹം കണക്കുകള്‍ പുറത്തുവിട്ടത്.