ഉത്തർപ്രദേശിലെ നോയിഡയിൽ ഉറങ്ങിക്കിടന്ന പിതാവിനെ കൊലപ്പെടുത്തിയ ശേഷം പതിനാറുകാരൻ മെട്രോ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ ഉറങ്ങിക്കിടന്ന പിതാവിനെ കൊലപ്പെടുത്തിയ ശേഷം പതിനാറുകാരൻ മെട്രോ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ട്യൂഷൻ അധ്യാപകനായ രാജു ശർമയാണ് കൊല്ലപ്പെട്ടത്. മകൻ നോയിഡ സെക്ടർ 52 മെട്രോ സ്റ്റേഷനിലെ ട്രെയിനിന് മുന്നിലേക്ക് ചാടിയത്. ബുധനാഴ്ച രാവിലെയാണ് ഈ ദാരുണ സംഭവങ്ങൾ നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് നൽകുന്ന പ്രാഥമിക അന്വേഷണ വിവരങ്ങൾ അനുസരിച്ച്, നോയിഡ ഗഢി ചൗഖണ്ഡി ഗ്രാമത്തിലെ വാടകവീട്ടിൽ കഴിഞ്ഞ മൂന്ന് മാസമായി രാജു ശർമയ്ക്കൊപ്പമാണ് മകൻ താമസിച്ചിരുന്നത്. കുട്ടിയുടെ അമ്മ രാജു ശർമയുമായി പിരിഞ്ഞ് വേറെയാണ് താമസിച്ചിരുന്നത്. പിതാവിന്‍റെ കർശനമായ പെരുമാറ്റവും അമ്മ കൂടെയില്ലാത്തതും കാരണം കുട്ടി കടുത്ത വിഷാദരോഗത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ പിതാവ് ഉറങ്ങിക്കിടക്കുമ്പോൾ കുട്ടി ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സെക്ടർ 52 മെട്രോ സ്റ്റേഷനിലെത്തി ട്രെയിനിന് മുന്നിലേക്ക് ചാടി. വിവരം ലഭിച്ച ഉടൻ മെട്രോ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും കുടുംബത്തിന് വിട്ടുകൊടുക്കുകയും ചെയ്തു.
എന്നാൽ, പിതാവ് രാജു ശർമ കൊല്ലപ്പെട്ട വിവരം പിന്നീട് വ്യാഴാഴ്ച രാത്രിയിലാണ് പുറത്തറിയുന്നത്. രാജു ശർമയെ കാണാനില്ലെന്ന് കാട്ടി സഹോദരൻ അരുൺ പൊലീസിനെ സമീപിച്ചിരുന്നു. തുടർന്ന് ഗഢി ചൗഖണ്ഡിയിലെ വാടകവീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും അരുണും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് രാജു ശർമയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സെക്ടർ 49 പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



