ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ച് ദിവസം മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ ആറ് പേര്‍ പിടിയില്‍. ആന്ധ്രാപ്രദേശിലെ ഒങ്കൊലേയിലാണ് 16 കാരിയെ ആറ് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ആറ് പേരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരാണ് പ്രതികള്‍. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ജൂണ്‍ 17 ന് ഓങ്കൊലയില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുമായി പ്രതികളിലൊരാള്‍ സൗഹൃദം സ്ഥാപിക്കുകയും പെണ്‍കുട്ടിയെ അയാളുടെ മുറിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നുവെന്ന് പ്രകാശം ജില്ലാ പൊലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ് കൗശല്‍ പറഞ്ഞു. മറ്റ് അഞ്ച് പേരും ഇവിടെ എത്തുകയും കുട്ടിയെ അഞ്ച് ദിവസം തുടര്‍ച്ചയായി പീഡിപ്പിക്കുകയുമായിരുന്നു. 

ശനിയാഴ്ച വൈകീട്ടോടെ പൂട്ടിയിട്ട മുറിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടി തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പിലെത്തിയ പെണ്‍കുട്ടിയെ പൊലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ നില ഇപ്പോള്‍ തൃപ്തികരമാണ്. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ച പൊലീസ് രാത്രിയോടെ മുഴുവന്‍ പേരെയും പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസെടുത്തു. സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന ചര്‍ച്ച ഉയരാന്‍ സംഭവം കാരണമായതോടെ ഉടന്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി എം സുചരിത ഉറപ്പ് നല്‍കി.