"എനിക്ക് ഇത് താങ്ങാൻ കഴിയുന്നില്ല അമ്മേ. അതുകൊണ്ടാണ് ഞാൻ ഈ തെറ്റായ പ്രവൃത്തി ചെയ്യുന്നത്, എന്നോട് ക്ഷമിക്കൂ" - വിദ്യാര്‍ത്ഥിയില്‍ നിന്നും കണ്ടെത്തിയ കുറിപ്പില്‍ പറയുന്നു.
ഹൈദരാബാദ്: ഹൈദരാബാദിൽ 16 കാരൻ ക്ലാസ് മുറിയിൽ ജീവനൊടുക്കി. പ്ലസ് വൺ വിദ്യാർഥിയാണ് ക്ലാസ് മുറിയില്‍ തുണി ഉണക്കാനുപയോഗിച്ചുള്ള നൈലോണ്‍ കയര്‍ ഉപയോഗിച്ച് തൂങ്ങിമരിച്ചത്. സഹപാഠികളാണ് വിദ്യാര്‍ത്ഥിയെ ക്ലാസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടിക്ക് രാത്രി പത്ത് മണിവരെ സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നു. ഇതിന് ശേഷം കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് സഹപാഠികള്‍ എല്ലാ ക്ലാസ് റൂമിലും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പരീക്ഷയിൽ മികച്ച പ്രകടനം നടത്താനുള്ള സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പഠനത്തിന്‍റെ പേരില്‍ തനിക്ക് വലിയ സമ്മര്‍ദ്ദാമാണ് നേരിടേണ്ടി വരുന്നതെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെഴുതി ആത്മഹത്യക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. തന്‍റെ അമ്മയ്ക്ക് വിദ്യാര്‍ത്ഥിയെഴുതിയ കുറിപ്പ് ഏവരുടെയും കണ്ണ് നനയിക്കുന്നതാണ്.
"എനിക്ക് ഇത് താങ്ങാൻ കഴിയുന്നില്ല അമ്മേ. അതുകൊണ്ടാണ് ഞാൻ ഈ തെറ്റായ പ്രവൃത്തി ചെയ്യുന്നത്, എന്നോട് ക്ഷമിക്കൂ" - വിദ്യാര്‍ത്ഥിയില്‍ നിന്നും കണ്ടെത്തിയ കുറിപ്പില്‍ പറയുന്നു. കുട്ടി സ്വന്തം കൈപ്പടയിലെഴുതിയ കത്താണിതെന്ന് പൊലീസ് പറഞ്ഞു. ഞാൻ അനുഭവിക്കുന്ന പീഡനം ആരും അനുഭവിക്കരുത്. ഹോസ്റ്റലിലെ പീഡനം നരക തുല്യമാണ്. ഈ നേരിടാൻ തനിക്ക് കഴിയുന്നില്ല. അമ്മയെ ഇത്തരമൊരു അവസ്ഥയിലാക്കിയിതില്‍ ക്ഷമിക്കണം, അമ്മയെ നന്നായി നോക്കണമെന്ന് ജേഷ്ഠന്‍മാരോടായി കുറിപ്പില്‍ പറയുന്നു.
അതേസമയം, വിദ്യാര്‍ത്ഥിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിട്ടും ആശുപത്രിയിലെത്തിക്കാനുള്ള വാഹന സൌകര്യം ഹോസ്റ്റല്‍ അധികൃതര്‍ ഒരുക്കിയില്ലെന്ന് ആരോപണമുണ്ട്. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വാഹനം സജ്ജീകരിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ സ്കൂളിന് മുന്നിൽ സമരം നടത്തി. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ അധികൃതര്‍ സ്കൂളിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹോസ്റ്റലിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
Read More : രക്തസാക്ഷിത്വം വരിച്ച സൈനികന്‍റെ പിതാവിന് മര്‍ദ്ദനം; ബീഹാര്‍ മുഖ്യമന്ത്രിയെ ഫോണില് വിളിച്ച് രാജ്നാഥ് സിംഗ്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

