സൈനിക കുടുംബത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി ബിഹാര്‍ മുഖ്യമന്ത്രിയോട് ചോദിച്ചറിഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസബിള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാറ്റ്ന: വീരമൃത്യു വരിച്ച സൈനികന്‍റെ പിതാവിനെ ബീഹാര്‍ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരും ഇടപെടുന്നു. 2022 ജൂൺ 15 ന് ഗാൽവാൻ വാലി ഏറ്റുമുട്ടലില്‍ രക്തസാക്ഷിത്വം വരിച്ച ജയ് കിഷോര്‍ എന്ന ജവാന്‍റെ പിതാവ് രാജ്‌കപൂർ സിങ്ങിനെ വീട്ടില്‍ക്കയറി പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ച് ചോദിച്ചറിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസബിള്‍ ആണ് സൈനികന്‍റെ പിതാവിന് നേരിട്ട ദാരുണ സംഭവം പുറത്തെത്തിച്ചത്. സംഭവം വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടത്.
സൈനിക കുടുംബത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി ബിഹാര്‍ മുഖ്യമന്ത്രിയോട് ചോദിച്ചറിഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസബിള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നിതീഷ് കുമാര്‍ രാജ്നാഥ് സിംഗിന് ഉറപ്പ് നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസബിൾ റിപ്പോർട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം സൈന്യവും പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. സൈനിക ഉദ്യോഗസ്ഥര്‍ ജയ് കിഷോറിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.
രാജ്യത്തിനായി രക്തസാക്ഷിത്വം വഹിച്ച മകന്റെ സ്മാരകം നിർമിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഭൂമി തർക്ക കേസിലാണ് സൈനികന്‍റെ പിതാവിനെ ബീഹാര്‍ പൊലീസ് അപമാനിക്കുകയും മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തത്. ബിഹാറിലെ വൈശാലി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. രക്തസാക്ഷിയായ മകന്റെ പേരിൽ സ്മാരകം നിര്‍മ്മിക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സബന്ധിച്ച് പ്രദേശവാസിയുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് പൊലീസ് രാജ്‌കപൂർ സിങ്ങിനെ വീട്ടിലെത്തി ആക്രമിച്ചത്.
അതേസമയം ഹരിനാഥ് റാം എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് പൊലീസിന്‍റെ വാദം. ഹരിനാഥ് റാമും രാജ്കപൂർ സിംഗും ഒരേ ഗ്രാമത്തിലുള്ളവരും ഭൂമിയുടെ അതിര്‍ത്തി പങ്കിടുന്നവരുമാണ്. ജയ് കിഷോർ സിങ്ങിന്‍റെ മരണശേഷം ബിഹാർ സർക്കാര്‍ പ്രതിനിധികള്‍ കുടുംബത്തെ സന്ദര്‍ശിച്ച് ഒരു സ്മാരകം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനായി ഭൂമി അനുവദിക്കുയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. ഇതോടെ സര്‍ക്കാര്‍ ഭൂമിയില്‍ സ്മാരകം നിർമിക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചു. എന്നാല്‍ ഹരിനാഥ് റാം ഇതിനെ എതിര്‍ത്തു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ ആണ് രാജ്കപൂർ സിംഗിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.
ഹരിനാഥ് രാം എന്നയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയോട് ചേർന്നുള്ള സർക്കാർ ഭൂമിയാണ് സ്മാരകം നിർമിക്കാനുള്ള സ്ഥലം കണ്ടെത്തിയത്. പഞ്ചായത്ത് യോഗത്തിൽ ഹരിനാഥിനോട് സ്ഥലം വിട്ടുനൽകാൻ ആവശ്യപ്പെടുകയും കുറച്ച് അകലെയുള്ള പകരം സ്ഥലം നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ, സ്മാരക നിർമാണം പൂർത്തിയാക്കിയ സമയം ഇയാൾ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി. സ്മാരകം നീക്കം ചെയ്യണമെന്നും ഹരിനാഥ് അവകാശപ്പെട്ടു. തുടർന്ന് ഇയാൾ സൈനികന്റെ പിതാവിനെതിരെ എസ്‌സി / എസ്ടി നിയമപ്രകാരം പരാതി നൽകി. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വീട്ടിലെത്തി സ്മാരകമായ പ്രതിമ നീക്കം ചെയ്യാൻ നിർദേശിക്കുകയും വിയോജിപ്പ് പ്രകടിപ്പിച്ചതോടെ എസ്എച്ച്ഒ തന്‍റെ പിതാവായ രാജ്കപൂർ സിംഗിനെ വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് മൂത്തമകനും സൈനികനുമായ നന്ദകിഷോർ സിംഗ് പറഞ്ഞു. ജ്യത്തിനായി സൈനിക സേവനം അനുഷ്ടിക്കുന്നവരാണ്, എന്നിട്ടും പൊലീസ് വളരെ മോശമായി പെരുമാറിയെന്ന് നന്ദ കിഷോര്‍ ആരോപിച്ചു.
Read More : വീരമൃത്യു വരിച്ച സൈനികന്‍റെ പിതാവിനെ ബീഹാര്‍ പൊലീസ് മര്‍ദ്ദിച്ച സംഭവം; സൈന്യം ഇടപെടുന്നു
