വിമാനത്താവളത്തിൽ ടോക്കോഫും ലാന്റിങും തുടരുന്നുണ്ടെങ്കിലും CAT III പൈലറ്റുമാരില്ലാത്ത സര്‍വീസുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് രാവില്‍ ഡൽഹി എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞ് നിറ‌ഞ്ഞ രാജ്യതലസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെയും വ്യോമഗതാഗതം താറുമാറായി. രാവിലെ പുറപ്പെടേണ്ടിയിരുന്ന 17 വിമാനങ്ങള്‍ റദ്ദാക്കുകയും 30 സര്‍വീസുകള്‍ വൈകുകയും ചെയ്തു. വടക്കേ ഇന്ത്യയിൽ വരും ദിവസങ്ങളിലും കാലാവസ്ഥ ഇതേ രീതിയിൽ തന്നെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പുലര്‍ച്ചെ 5.30ന് ഡല്‍ഹി പാലം വിമാനത്താവളത്തിലും സഫ്ദര്‍ജംഗ് വിമാനത്താവളത്തിലും 500 മീറ്ററില്‍ താഴെയായിരുന്നു ദൂരക്കാഴ്ചയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂടല്‍ മഞ്ഞ് പോലെ കാഴ്ച തടസ്സപ്പെടുന്ന സാഹചര്യങ്ങളിലും വിമാനം ലാന്റ് ചെയ്യാനും പറന്നുയരാനും പരിശീലനം സിദ്ധിച്ചിട്ടുള്ള CAT-III പൈലറ്റുമാർക്ക് 50 മീറ്റര്‍ മാത്രം ദൂരത്തിൽ കാഴ്ച സാധ്യമാവുന്ന സമയത്ത് പോലും ലാന്റ് ചെയ്യാനും 125 മീറ്റര്‍ വിസിബിലിറ്റിയുണ്ടെങ്കില്‍ ടേക്കോഫ് ചെയ്യാനും സാധിക്കുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

വിമാനത്താവളത്തിൽ ടോക്കോഫും ലാന്റിങും തുടരുന്നുണ്ടെങ്കിലും CAT III പൈലറ്റുമാരില്ലാത്ത സര്‍വീസുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് രാവില്‍ ഡൽഹി എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ കാര്യം ഉറപ്പാക്കണം എന്നാണ് നിര്‍ദേശം. അതേസമയം മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വൈകാന്‍ സാധ്യതയുള്ള സര്‍വീസുകള്‍ റദ്ദാക്കണമെന്നും ഇത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് നേരത്തെ തന്നെ അറിയിപ്പ് നല്‍കണമെന്നും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് തിങ്കളാഴ്ച വിമാന കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശത്തിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...