ദില്ലി: ദില്ലിയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1578 ആയി. ഇന്ന് മാത്രം 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 32 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം, ഇരുപത്തിയൊന്ന് ദിവസത്തെ ആദ്യഘട്ട ലോക്ക് ഡൗണിനിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായത് ഇരുപതിരട്ടി വര്‍ധനവ്. മരിച്ചവരുടെ എണ്ണം മുപ്പതിരട്ടിയിലധികമായി. രോഗ വ്യാപനമേഖലകള്‍ കൊവിഡ് മുക്തമെന്ന്
തീരുമാനിക്കാന്‍ 28 ദിവസം വേണ്ടതിനാലാണ് ഈ മാസം 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നത്.

മാര്‍ച്ച്  24ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തെ മരണ സംഖ്യ 11 ഉം രോഗബാധിതര്‍ 519 ഉം ആയിരുന്നു. പത്ത് ദിവസത്തിന് ശേഷം ഏപ്രില്‍ മൂന്നായപ്പോഴേക്കും മരിച്ചവരുടെ എണ്ണം അന്‍പത്തിയാറായി. രോഗംബാധിച്ചത് 855 പേര്‍ക്കാണ്. ആദ്യ ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഇന്ന് മരണ സംഖ്യ മൂന്നൂറ് കടന്നു. രോഗബാധിതരുടെ എണ്ണം പതിനായിരത്തിനപ്പുറവും. പതിനഞ്ചോടെ രോഗബാധിതരുടെ എണ്ണം അറുപതിനായിരത്തോളമാകുമെന്നായിരുന്നു ഐസിഎമ്മാറിന്‍റെ നിഗമനം. 

എന്നാല്‍ ലോക്ക് ഡൗണിലെ കടുത്ത നിയന്ത്രണം രോഗവ്യാപനത്തെ ഒരു പരിധിവരെ തടഞ്ഞു. ആകെ രോഗബാധിതരില്‍  പത്ത് ശതമാനം  ഇതിനോടകം രോഗമുക്തി നേടി.  കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളുടെയും ചികിത്സയുടെയും അടിസഥാനത്തില്‍ രോഗവ്യാപനം അവസാനിക്കാന്‍  28 ദിവസമാണ് വേണ്ടത്. 28 ദിവസത്തിനിടെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ പ്രദേശം കൊവിഡ് മുക്തമെന്ന് പ്രഖ്യാപിക്കാമെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു. 

Read Also: തമിഴ്നാട്ടിൽ തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്...