ചെന്നൈ: തമിഴ്നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നേരിയ കുറവ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 38 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.  രാമനാഥപുരത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരത്തില്‍ പങ്കെടുത്തവരില്‍ മൂന്ന് പേര്‍ രോഗബാധിതരായി. 

പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടും രോഗബാധിതര്‍ കുറയുന്നത് തമിഴകത്ത് ആശ്വാസമാവുകയാണ്. 2739 സാമ്പിള്‍ പരിശോധിച്ചതിലാണ് 38 പേര്‍ രോഗബാധിതര്‍. ഇതുവരെ117  പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.എന്നാല്‍ കോയമ്പത്തൂരില്‍  മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മലയാളി ഡോക്ടര്‍മാരടക്കം നിരീക്ഷണത്തിലാണ്. 

ചെന്നൈയില്‍ തിങ്കളാഴ്ച മരിച്ച ആന്ധ്രാ സ്വദേശിയായ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്റുടെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും അടക്കം 80 പേര്‍ നിരീക്ഷണത്തിലാണ്. സുരക്ഷാമുന്‍കരുതല്‍ പാലിക്കാതെയാണ് സംസ്കാരം നടത്തിയെന്ന് ചൂണ്ടികാട്ടി ആമ്പല്ലൂര്‍ ശ്മശാനത്തി ല്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു.

അതിനിടെ ചെന്നൈയില്‍ ചികിത്സയിലായിരുന്ന 47 കാരനും 59കാരനും മരിച്ചതോടെ മരണസംഖ്യ 14 ആയി.രാമനാഥപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച 71കാരന്‍റെ മൂന്ന് ബന്ധുക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രോട്ടോക്കാള്‍ പാലിക്കാതെ മതാചാരപ്രകാരം നടന്ന സംസ്കാരത്തില്‍ പങ്കെടുത്ത മുന്‍ മന്ത്രി എം മണികണ്ഠന്‍ ഉള്‍പ്പടെ 150 പേര്‍ നിരീക്ഷണത്തിലാണ്.