നൈജീരിയ: ഡിസംബർ 3ന്  നൈജീരിയ തീരത്തിന് സമീപം കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ കപ്പലിലെ 18 ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരെ മോചിപ്പിച്ചു. ഹോങ്കോങ് പതാകയുള്ള കപ്പലാണ് എംടി നേവ് കോണ്‍സ്റ്റലേഷന്‍ നൈജീരിയ തീരത്തിനടുത്ത് വെച്ച് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. കപ്പലിന്‍റെ നിയന്ത്രണം ഏറ്റെടുത്ത കൊള്ളക്കാര്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പത്തൊൻപത് പേരാണ് വാണിജ്യകപ്പലിൽ ഉണ്ടായിരുന്നത്. അവരിൽ 18 ഇന്ത്യക്കാരും ഒരു തുർക്കി സ്വദേശിയായ ഷിപ്പിം​ഗ് ഓഫീസറും ഉൾപ്പെട്ടിരുന്നു. മോചിപ്പിച്ചവരെ നൈജീരിയന്‍ തലസ്ഥാനമായ അബുജയിലെത്തിച്ചു. 

 

ജീവനക്കാരുടെ യാത്രാരേഖകള്‍ തയ്യാറായതിന് ശേഷം മടക്കി അയക്കും. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും.  എല്ലാവര്‍ക്കും കുടുംബവുമായി സംസാരിക്കാന്‍ അവസരം നല്‍കി. കപ്പലിലെ ജീവനക്കാരായ 18 ഇന്ത്യക്കാരെയും മോചിപ്പിച്ചതായി നൈജീരിയന്‍ നാവികസേന അറിയിച്ചു. ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കിയ നൈജീരിയ സര്‍ക്കാരിനും നാവികസേനയ്ക്കും നന്ദി പറഞ്ഞുകൊണ്ട് നൈജീരിയയിലെ ഇന്ത്യന്‍ മിഷന്‍ ട്വീറ്റ് ചെയ്‍തു. നൈജീരിയയിലെ ബോണി ദ്വീപിന് എണ്‍പത് നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് 10 പേര്‍ അടങ്ങുന്ന കടല്‍ക്കൊള്ളക്കാരുടെ സംഘമാണ് ഇവരെ തട്ടിക്കൊണ്ട് പോയത്. മേഖലയിൽ കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന എആർഎക്സ് മാരിടൈം ആണ് കപ്പൽ തട്ടിയെടുത്ത വിവരം അറിയിച്ചത്.