ആര്‍ടിപിസിആര്‍ പരിശോധനാഫലവും ഒമിക്രോണ്‍ ബാധയാണയെന്ന് അറിയാനുള്ള ജീനോം സീക്വന്‍സിംഗ് ഫലത്തിനുമായി കാത്തിരിക്കുന്നതിനിടയിലാണ് പതിനെട്ടുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുത്തതെന്നാണ് ആരോപണം

ഇന്ത്യയിലെത്തിയതിന് പിന്നാലെ കൊവിഡ് രോഗിയായ (Covid 19) മകനെ അനധികൃതമായി തടഞ്ഞുവച്ചുവെന്ന (Illegally Detained) ആരോപണവുമായി കോടതിയെ ( Delhi High Court) സമീപിച്ച് അമ്മ. പതിനെട്ടുവയസുള്ള മകനെ ഡിസംബര്‍ 24 മുതല്‍ അനധികൃതമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നാണ് ആരോപണം. ഹോസ്പിറ്റലില്‍ ഐസൊലേഷനിലാണ് പതിനെട്ടുകാരനുള്ളത്. ആര്‍ടിപിസിആര്‍ പരിശോധനാഫലവും ഒമിക്രോണ്‍ ബാധയാണയെന്ന് അറിയാനുള്ള ജീനോം സീക്വന്‍സിംഗ് ഫലത്തിനുമായി കാത്തിരിക്കുന്നതിനിടയിലാണ് പതിനെട്ടുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുത്തതെന്നാണ് ആരോപണം.

ദില്ലിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ നിന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് പതിനെട്ടുകാരനെ മാറ്റിയതിന് പിന്നാലെയാണ് പൊലീസ് നടപടിയുണ്ടായത്. പതിനെട്ടുകാരനെ ഡിസ്ചാര്‍ജ് ചെയ്യുന്നത് വരെ നടപടികള്‍ താമസിപ്പിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും പരാതിയില്‍ അമ്മ ആരോപിക്കുന്നു. മകന്‍ കൊവിഡ് ബാധിതനായിരുന്നുവെന്നും അമ്മ പരാതിയില്‍ വിശദമാക്കുന്നുണ്ട്. എല്‍എന്‍ജെപി ആശുപത്രിയിലെ മോശമായ അവസ്ഥ മൂലമാണ് യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്നും ശുചിമുറി പോലും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ ആയിരുന്നില്ലെന്നും പരാതി വിശദമാക്കുന്നു. എന്നാല്‍ ഡിസംബര്‍ 29ന് ലഭിച്ച പരിശോധനാഫലം അനുസരിച്ച് യുവാവിന് ഒമിക്രോണ്‍ ബാധയുണ്ടെന്ന് വ്യക്തമായതായി കേന്ദ്രത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ദില്ലി സര്‍ക്കാര്‍ സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. എന്‍സിഡിസി സംസ്ഥാന സര്‍ക്കാരിനും അവിടെ നിന്ന് രോഗിയ്ക്കും റിപ്പോര്‍ട്ട് ലഭ്യമാകുമെന്നും അഭിഭാഷകന്‍ കോടതിയ അറിയിച്ചു. ആശയവിനിമയത്തിലുണ്ടായ തടസം മൂലമാണ് യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. പരിശോധനാ ഫലം രോഗിക്ക് ലഭ്യമാക്കണമെന്നും അത് രഹസ്യ രേഖയല്ലെന്നും കോടതി വ്യക്തമാക്കി. യുവാവിനെ പരിശോധിച്ച സ്വകാര്യ ആശുപത്രിയോട് ജീനോം സീക്വന്‍സിംഗ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഹോസ്പിറ്റലിലെ ഐസൊലേഷന്‍ അനധികൃത കസ്റ്റഡിയല്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.