പൂനെ: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയ 180 ഓളം പേരെ നാല് മണിക്കൂര്‍ റോഡിലിരുത്തി പൊലീസ്. പൂണെയിലെ സ്വാര്‍ഗേറ്റില്‍ വ്യാഴാഴ്ചയാണ് സംഭവം. ഗുരുതരമായ അവസ്ഥയേയും അവർ ഉണ്ടാക്കുന്ന അപകടസാധ്യതയും മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ആളുകൾക്ക് ഇത്തരമൊരു ശിക്ഷ നൽകിയതെന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഷബീര്‍ സയ്യിദ് പറഞ്ഞു.

കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ നിർദ്ദേശങ്ങൽ ലംഘിച്ചതിനാണ് 180 പേരെ ഇത്തരത്തില്‍ നാല് മണിക്കൂറോളം ഇരുത്തേണ്ടി വന്നതെന്ന് ഷബീര്‍ സയ്യിദ് പറയുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ആളുകൾ ഉത്തരവാദിത്വം ഇല്ലാതെയാണ് പെരുമാറുന്നതെന്നും സബ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

ഐപിസി 188 വകുപ്പനുസരിച്ച് 50 ഓളം കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം മഹാരാഷ്ട്രയില്‍ കൊറോണബാധിതരുടെ എണ്ണം മൂവായിരം കഴിഞ്ഞു.