ദില്ലി: യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം നാളെ സന്ദര്‍ശിക്കാനിരിക്കെ കശ്മീരിലെ ബരാമുള്ളയില്‍ ഗ്രനേഡ് ആക്രമണം. ബരാമുള്ള ജില്ലയിലെ സൊപോര്‍ പട്ടണത്തിലെ ബസ് സ്റ്റാന്‍ഡിലാണ് ഭീകരവാദികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍  19 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ദിവസം മുമ്പ് ശ്രീനഗറിലെ ഹോട്ടല്‍ പ്ലാസക്ക് സമീപവും ഗ്രനേഡ് ആക്രമണം നടന്നിരുന്നു. അന്ന് ആറ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

ആക്രമണം നടന്ന ബസ് സ്റ്റാന്‍ഡ് പരിസരത്ത് സിആര്‍പിഎഫ് ജവാന്മാര്‍ എത്തി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയ ശേഷം അഞ്ചാമത്തെ ആക്രമണമാണ് നടക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 28 അംഗ യൂറോപ്യന്‍ പാര്‍ലമെന്‍ററി പാനല്‍ ചൊവ്വാഴ്ചയാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി, അജിത് ഡോവല്‍ എന്നിവര്‍ പാര്‍ലമെന്‍ററി പാനലിലെ യൂറോപ്യന്‍ എംപിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനാണ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെ കശ്മീരിലേക്ക് സന്ദര്‍ശനത്തിന് ക്ഷണിച്ചത്.