2020ല്‍ ജാമിയ മിലയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ചെയ്തവര്‍ക്കെതിരെ വെടി വച്ചതും ഇയാള്‍ തന്നെയാണെന്ന് മനേസര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വരുണ്‍ സിംഗ്ല

പട്ടൌഡി : ദില്ലിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ വെടിയുതിര്‍ത്ത പത്തൊന്‍പതുവയസുകാരന്‍ വീണ്ടും അറസ്റ്റില്‍. പട്ടൌഡിയില്‍ വര്‍ഗീയ പ്രഭാഷണം നടത്തിയതിനാണ് ഇയാളെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടൌഡിയില്‍ വിളിച്ചു ചേര്‍ത്ത മഹാപഞ്ചായത്തിനിടെയായിരുന്നു വര്‍ഗീയ പ്രഭാഷണം.

2020ല്‍ ജാമിയ മിലയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ചെയ്തവര്‍ക്കെതിരെ വെടി വച്ചതും ഇയാള്‍ തന്നെയാണെന്ന് മനേസര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വരുണ്‍ സിംഗ്ല വിശദമാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇയാളുള്ളതെന്നും വരുണ്‍ സിംഗ്ല വ്യക്തമാക്കി. ബിജെപി വക്താവും കര്‍ണി സേനാ പ്രസിഡന്‍റ് സുരജ് പാല്‍ അമു അടക്കമുള്ളവര്‍ പങ്കെടുത്ത മഹാ പഞ്ചായത്തിലായിരുന്നു വര്‍ഗീയ പ്രഭാഷണം നടന്നത്.

വര്‍ഗീയ സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിനും മനപ്പൂര്‍വ്വം അക്രമം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഹരിയാന പൊലീസ് വ്യക്തമാക്കി. 2020ല്‍ പൊലീസും മാധ്യമങ്ങളും നോക്കി നില്‍ക്കവേയാണ് ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ചത്. വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കൈയ്ക്ക് പരിക്കേറ്റു. ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ പ്രതിയെ സംഭവസ്ഥലത്ത് നിന്നു തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തീവ്രഹിന്ദുത്വ നിലപാടുള്ള ഇയാൾ നേരത്തേ സ്വന്തം നിലക്കും പൗരത്വ ഭേദഗതിക്ക് അനുകൂലമായി പരിപാടി സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അന്ന് പൊലീസ് വിശദമാക്കിയിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona