എകെ 47 തോക്കുധാരികളായ 5 ലഷ്കര്‍ ഇ തൊയിബ, ജയ്ഷെ ഇ മുഹമ്മദ്  ഭീകരർ പാര്‍ലമെന്‍റ് ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍  ഏഷ്യാനെറ്റ് ന്യൂസ് സംഘവും പാര്‍ലമെന്‍റിലുണ്ടായിരുന്നു. ഞെട്ടിക്കുന്ന ആ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് മീഡിയ സ്റ്റാൻഡിൽ നിന്നും പകര്‍ത്തി

പാര്‍ലമെന്‍റ് ആക്രമണം നടന്നിട്ട് ഇന്ന് പത്തൊന്‍പത് വര്‍ഷം . 2001ല്‍ പാര്‍ലമെന്‍റ് ശീതകാല സമ്മേളനം നടക്കുമ്പോഴായിരുന്നു ലഷ്കര്‍ ഇ തൊയ്ബ, ജയ്ഷെ ഇ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയത്. അന്ന് പാർലമെന്‍റിലുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പകർത്തിയിരുന്നു.

2001 ഡിസംബര്‍ 13 സമയം രാവിലെ 11.40, ആഭ്യന്തരമന്ത്രാലയത്തിന്‍റെ സ്റ്റിക്കര്‍ പതിച്ച DL 3C J 1527 നമ്പര്‍ അംബാസിഡര്‍ കാര്‍ പാര്‍ലമെന്‍റിന്‍റെ വളപ്പിലേക്ക് കയറുന്നു. ഗെയ്റ്റ് നമ്പര്‍ പന്ത്രണ്ട് ലക്ഷ്യമാക്കി കാര്‍ നീങ്ങിയതോടെ കാവല്‍ നിന്നിരുന്ന ജഗദീഷ് പ്രസാദ് യാദവിന് പെട്ടന്ന് സംശയം തോന്നി.

പിന്നാലെ ഓടിയടുത്ത കാവല്‍ക്കാരനെ കണ്ടതോടെ വാഹനം പുറകോട്ടെടുക്കയും പാര്‍ലമെന്‍റ് വളപ്പിലുണ്ടായിരുന്ന ഉപരാഷ്ട്രപതിയുടെ വാഹനത്തില്‍ ഇടിക്കുകയും ചെയ്തു. 

വാഹനത്തില്‍ നിന്ന് ഇറങ്ങിയത് ആഭ്യന്തരമന്ത്രാലയത്തിലെ ആരുമായിരുന്നില്ല. പകരം എകെ 47 തോക്കുധാരികളായ 5 ലഷ്കര്‍ ഇ തൊയിബ, ജയ്ഷെ ഇ മുഹമ്മദ് ഭീകരർ. രാജ്യത്തെ നടുക്കിയ ആക്രമണത്തിന് പാർലമെൻറ് വളപ്പ് സാക്ഷ്യം വഹിച്ചു. ആ കാഴ്ച മീഡിയ സ്റ്റാൻഡിൽ നില്ക്കുകയായിരുന്ന ഏഷ്യാനെറ്റ് ന്യൂസിൻറെ സംഘത്തിൻറെ ക്യാമറയിൽ പതിഞ്ഞു

ഭീകരക്രമണമെന്ന് മനസ്സിലായ നിമിഷം ജാഗരൂഗരായിരുന്ന സുരക്ഷാ സേന അലാം മുഴക്കി പാർലമെൻറിൻറെ ഉള്ളിലേക്കുള്ള ഗെയ്റ്റുകൾ അടച്ചു. മുപ്പത് മിനിറ്റ് നേരത്തെ പോരാട്ടത്തിനൊടുവില്‍ അഞ്ച് തീവ്രവാദികളേയും, ധീരമായി പോരാടിയ സുരക്ഷസേന വധിച്ചു. സുരക്ഷ ഉദ്യോഗസ്ഥരടക്കം 9 പേര്‍ക്ക് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. സഭ 40 മിനിറ്റ് നേരത്തേക്ക് പിരിഞ്ഞ സമയത്തായിരുന്നു ആക്രമണം. ആഭ്യന്തരമന്ത്രിയായിരുന്ന എല്‍കെ അദ്വാനി അടക്കമുള്ള നൂറിലേറെ ജനപ്രതിനിധികള്‍ അവിടെ ഉണ്ടായിരുന്നു.

ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരൻ അഫ്സല്‍ ഗുരുവിനെ പൊലീസ് ജമ്മുകാശ്മീരില്‍ നിന്ന് അറസ്റ്റ് ചെയ്തു. ദില്ലി സാക്കിര്‍ ഹുസൈൻ കോളേജ് അധ്യാപകനായ എസ് എ ആര്‍ ഗീലാനി,ഷൗക്കത്ത് ഹുസൈൻ ഗുരു, ഷൗക്കത്തിന്‍റെ ഭാര്യ നവ്ജോത് സന്ധുവെന്ന അഫ്സാൻ ഗുരു എന്നിവരെയും പൊലീസ് പിടികൂടി. ഇതില്‍ ഗീലാനിയേയും അഫ്സാൻ ഗുരുവിനെയും പിന്നീട് കോടതി കുറ്റവിമുക്തരാക്കി. അഫ്സല്‍ ഗുരുവിനെ വധശിക്ഷക്കും ഷൗക്കത്തിനെ പത്ത് വര്‍ഷം കഠിന തടവിനും ശിക്ഷ വിധിച്ചു.2013 ഫെബ്രുവരി 9നാണ് അഫ്സല്‍ ഗുരുവിനെ തിഹാര്‍ ജയിലില്‍ വച്ച് തൂക്കിലേറ്റി. രാജ്യത്തെ ധീരയോദ്ധാക്കളുടെ പോരാട്ടവീര്യത്തില്‍ സ്ഫോടകവസ്തുക്കളും തോക്കുകളുമായി വന്‍ ആക്രമണത്തിനെത്തിയ ഭീകരരുടെ പദ്ധതി നിഷ്പ്രഭമായെന്നതില്‍ രാജ്യത്തിന് അഭിമാനിക്കാം.